പ്രതികളെകണ്ടെത്തി; 104 ദിനത്തില്‍ സമരം അവസാനിപ്പിച്ച് ഹര്‍ഷീന

Kerala

കോഴിക്കോട്: പോലീസിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിച്ച് 104 ദിവസം നീണ്ട സത്യാഗ്രഹസമരം അവസാനിപ്പിച്ച് ഹര്‍ഷീനയും സമരസമിതിയും. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരടക്കം നാലുപേരെ പ്രതികളാക്കി മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറുന്നതെന്ന് ഹര്‍ഷീനയും സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണയും പറഞ്ഞു.

മെഡിക്കല്‍കോളജില്‍ നടന്ന ശസ്ത്രക്രിയയിലാണ് തന്റെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പോലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ്. എവിടുന്നാണ് കത്രിക കുടുങ്ങിയതെന്ന് വ്യക്തമായിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദത്തെ പൂര്‍ണമായി തള്ളുന്നതാണ് മെഡി.ക്കല്‍കോളജ് എ.സി കോടതിയില്‍ സമര്‍പിച്ച പ്രതിപ്പട്ടിക. തനിക്ക് കണ്ടാലറിയാവുന്നവരാണ് ഈ നാലുപേരും. ഇവരെ ഇനി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. 104 ദിവസം നീണ്ട സമരത്തിലെ ആദ്യ ആവശ്യം അതായിരുന്നു. അടുത്തത് മതിയായ നഷ്ടപരിഹാരമാണ്. അഞ്ചുവര്‍ഷം കത്രിക വയറ്റിലിട്ടും ഒരുവര്‍ഷം അതിനുശേഷവും അനുഭവിച്ചത് കൊടിയ പീഢനമാണ്. അതിനുള്ള മതിയായ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നതെന്ന് ഹര്‍ഷീന പറഞ്ഞു.

പോലീസ് സത്യം കണ്ടെത്തി. ഇനി ആരോഗ്യമന്ത്രിയും സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടത്. അതിനു വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പെന്നും ഹര്‍ഷീന പറഞ്ഞു. നിയമസഭാ സമ്മേളനമാണ് വരുന്നത്. അതുകഴിഞ്ഞാല്‍ ഡോക്#ടര്‍മാര്‍ക്കെതിരായ വകുപ്പുതല നടപടിയടക്കം അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്ന് സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണയും പറഞ്ഞു.

ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള സമരമാണിത്. അത് സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. അര്‍ഹിക്കുന്ന നഷ്ടപരിഹാരമടക്കം എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ദിനേശ് പറഞ്ഞു.. 104ദിവസം നീണ്ട സമരം വിജയം കണ്ടതിന്റെ സന്തോഷവുമായി പരസ്പരം മധുരം കൈമാറി മെഡിക്കല്‍കോളജിന് മുമ്പിലെ സമരപന്തലില്‍ നിന്നും ഏവരും മടങ്ങിയത്.