ഫാസിസം കല്‍പ്പിക്കുന്നിടത്തേക്ക് ചരിത്രം വളച്ചൊടിക്കപ്പെടുന്നു: എം കെ രാഘവന്‍ എം പി

Kozhikode

കോഴിക്കോട്: ഫാസിസം കല്‍പ്പിക്കുന്നത് മാത്രമേ വായിക്കാവൂ എന്ന തരത്തിലേക്ക് ചരിത്രം വളച്ചൊടിക്കപ്പെടുന്നുവെന്ന് എം കെ രാഘവന്‍ എം പി. നെഹ്‌റുവിനെയും ആസാദിനേയും അംബേദക്‌റേയുമൊക്കെ ഈ രീതിയില്‍ വായിക്കപ്പെടേണ്ട സാഹചര്യത്തിലേക്ക് രാജ്യം മാറിയെന്നും അദ്ദഹം പറഞ്ഞു. വായനാ ദിനത്തോടനുബന്ധിച്ച് നെഹ്‌റു, ആസാദ്, അംബേദ്കര്‍ക്ലാസ് റൂമിന് പുറത്താകുന്ന രാഷ്ട്രീയ വായനകള്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് കോഴിക്കോട്ട് സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി എന്തിന് ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് ഗുജറാത്തിലെ സ്‌കൂളുകളിലെ ചോദ്യപേപ്പറില്‍ ഉന്നയിച്ചത്. ഇത്തരത്തില്‍ സ്‌കൂള്‍ പാഠ പുസ്തകങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അവസ്ഥ കൈവന്നിരിക്കെ ഇത്തരം സര്‍ക്കാറുകളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

നെഹ്‌റുവിന്റെ ചരിത്രം മാറ്റി മറിക്കപ്പെടുന്നു. പാര്‍ലിമെന്റില്‍ പ്രതിപക്ഷ ബഹുമാനം ഒട്ടും ഇല്ല. ബില്ലുകള്‍ ശബ്ദവോട്ടോടെയാണ് പാസാക്കപ്പെടുന്നത്. പ്രതിപക്ഷം എഴുന്നേല്‍ക്കുമ്പോള്‍ മൈക്ക് ഓഫാക്കപ്പെടുന്ന അവസ്ഥയാണെന്നും എം കെ രാഘവന്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരം പറയാറില്ല. ഭാവിയില്‍ രാജ്യം രാഷ്ട്രപതി ഭരണത്തിലേക്ക് നീക്കപ്പെടുമോയെന്ന ആശങ്ക തനിക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെ വക്രീകരിക്കുന്ന രീതി ആരംഭിച്ചത് ബ്രിട്ടീഷുകാരായിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

ആര്‍ എസ് എസ് നടത്തുന്ന ആയുധ പരിശീലനത്തേക്കാളും അപകടകാരി അവര്‍ നാലാം വയസ്സ് മുതല്‍ കുട്ടികളെ പഠിപ്പിക്കുന്ന മിത്തുകളാണെന്നും ഇത് പുതിയ തലമുറയെ ഫാസിസ്റ്റ് ചിന്താഗതിയിലേക്ക് വഴി തിരിച്ചുവിടുന്നുവെന്നും സമ്മേളനത്തില്‍ വിഷയാവതരണം നടത്തിയ പ്രഭാഷകനും എഴുത്തുകാരനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.

അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങള്‍, പി വി അഹ്മദ് കബീര്‍, ഡോ. അബൂബക്കര്‍ നിസാമി, ഡോ. ഒ കെ എം അബ്ദുറഹ്മാന്‍, അബ്ദുല്‍ മജീദ് പൂത്തൊടി, അബ്ദുന്നാസിര്‍ സഖാഫി അമ്പലക്കണ്ടി സംബന്ധിച്ചു.