മന്നാനിയയില്‍ വായന ദിന വാരാഘോഷം തുടങ്ങി; പുസ്തകങ്ങള്‍ തരുന്ന വിവേകം അതുല്യം: പ്രൊഫ. ഡോ. പി നസീര്‍

Thiruvananthapuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

പാങ്ങോട്: മന്നാനിയ കോളെജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ വായന ദിന വാരാഘോഷങ്ങള്‍ക്ക് തുടക്കമായി. ലൈബ്രറി ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ കോളെജ് പ്രിന്‍സിപ്പലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രൊഫ. ഡോ. പി നസീര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാര്‍ത്ഥികളും ലൈബ്രറിയിലേക്കു സംഭാവന ചെയ്ത പുസ്തകങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചത്. ക്ലാസ് മുറികളിലെ പഠനം പോലെ ലൈബ്രറികളും ഏതൊരു വിദ്യാര്‍ത്ഥിയുടെയും ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയില്‍ ആഴ്ന്നിറങ്ങുന്ന കുട്ടികളില്‍ നിന്ന് വായന അകന്നുപോകുകയാണ്. പുസ്തകങ്ങള്‍ തരുന്ന വിവേകവും അറിവും അതുല്യമാണ്. പുതിയ കാലം ആവശ്യംപ്പെടുന്നതും അതുമാത്രമാണ്. വായനകൂടിയുണ്ടെങ്കിലേ സമൂഹത്തിലെ മൂല്യമുള്ള വ്യക്തികളായി തീരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോയ വര്‍ഷം ലൈബ്രറി ഏറ്റവും നന്നായി ഉപയോഗിച്ച വിദ്യാര്‍ത്ഥിയ്ക്ക് മുന്‍ ലൈബ്രേറിയനായ ഡോ. നസീഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡും ലിറ്റററി ഫോറം സംഘടിപ്പിച്ച വിവിധ മത്സരങ്ങങ്ങളിലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ അദ്ദേഹം വിതരണം ചെയ്തു.

ചെറുകഥ മത്സരം, ബുക് ക്യാംപെയ്ന്‍, ഗ്രാമീണ ലൈബ്രറി സന്ദര്‍ശനവും റിപ്പോര്‍ട്ട് തയ്യാറാക്കലും തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളില്‍ നടത്തുന്നത്. കോളെജ് ലൈബ്രറിയില്‍ വച്ചു നടന്ന പരിപാടിയില്‍ ലൈബ്രേറിയന്‍ ഡോ. സോഫിയ, അധ്യാപകരായ ഡോ. ബൈജു, ഡോ. ദില്‍ഷാദ് ബിന്‍ അഷ്‌റഫ്. ഡോ.ഷിജിന, ഡോ. അന്‍വര്‍ഷാ, ഡോ. സിനി, ഡോ. കവിത നായിഡു, ലക്ഷ്മി വിജയന്‍ എന്നിവരും പങ്കെടുത്തു.