ജനോപകാര കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപീകരിക്കുന്നു

Thiruvananthapuram

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ ഒന്നാം ചരമവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്മരണ നിലനിർത്തി ജനോപകാര കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപീകരിക്കുന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. കെ.പി.സി.സി യുടെ നേതൃത്വത്തിൽ കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ നിലവിൽ വരും.

പുതുപ്പള്ളി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ജൂലായ് 14 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന വിപുലമായ അനുസ്മരണ പരിപാടികളാണ് നടത്തുന്നത്.

കേരളം മുഖ്യമന്ത്രി, കേരളം ഗവർണർ, ഗോവ ഗവർണർ, കർണ്ണാടക നിയമസഭ സ്പീക്കർ, പ്രതിപക്ഷ നേതാവ്, കെ.പി.സി.സി അധ്യക്ഷൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും.

ജൂലൈ 17,18 തിയതികളിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കുഞ്ഞുഞ്ഞ് സ്പർശം എന്ന പേരിൽ ഫോട്ടോ പ്രദർശനം നടക്കും. ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയ ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്.