നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരുവനന്തപുരം: ലോകത്തിലെ ആകെ മാനവ വിഭവശേഷിയിലെ 17.5 ശതമാനം ഉള്ള ഇന്ത്യയില്‍ 2.5 ശതമാനം മാത്രം എന്തുകൊണ്ട് ഗവേഷണ സംബന്ധമായ വിഷയങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കേരള സര്‍വകലാശാലാ റിസേര്‍ച്ചേഴ്സ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന പ്രഭാഷണപരമ്പരയില്‍ ‘ഫ്യൂച്ചര്‍ ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യ ‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. ശശി തരൂര്‍ എം പി.
ഗവേഷണവും ഗവേഷണ സാധ്യതകളും അന്യം നിന്ന് പൊയ്‌ക്കൊണ്ടിരുന്ന സാഹചര്യത്തില്‍ അതിനു വിപരീതമായി ഇത്തരത്തില്‍ ഒരു റിസേര്‍ച്ചേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ച കേരള സര്‍വകലാശാലയെ അദ്ദേഹം അഭിനന്ദിച്ചു. ഗവേഷണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം ഹൈഡ്രജന്‍ ഉത്പ്പാദന രീതി മുതല്‍ താളിയോല ഗ്രന്ഥങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കുന്ന റിസര്‍ച്ച് ഗാലറി മികച്ച പ്രദര്‍ശനമാണെന്നും അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും ഗവേഷകരും കടന്നുപോകുന്ന പ്രക്ഷുബ്ധമായ അവസ്ഥയെപ്പറ്റിയുള്ള ആശങ്കയും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേരള സര്‍വകലാശാലയുടെ ഗവേഷണ വിഭാഗത്തില്‍ നിന്നും ഉത്പന്നമാകുന്ന കണ്ടുപിടുത്തങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുകയാണ് എങ്കില്‍ അത് പ്രശംസനീയമാണ് എന്നും അദ്ദേഹം അഭിപ്രായപെട്ടു.
വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ കൈകടത്തലുകളും പലപ്പോഴും ഗവേഷണം എന്ന മേഖലയെ വല്ലാതെ തളര്‍ത്തി കളഞ്ഞിട്ടുണ്ട്. തൊഴിലധിഷ്ഠിതം മാത്രമാണ് വിദ്യാഭ്യാസം എന്ന പൊതുബോധവും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭാരതത്തോളം ഇങ്ങനെ ഒരു റിസേര്‍ച്ചേഴ്സ് ഫെസ്റ്റിന് ഉതകുന്ന മറ്റൊരു സ്ഥലം കണ്ടെത്താനാകില്ല എന്ന് അദ്ദേഹം പരാമര്‍ശിച്ചു. വിദ്യാഭ്യാസ രംഗത്തെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സര്‍വ്വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെ ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ ചെറുതല്ല. നമ്മുടെ രാജ്യം വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട് എന്നും അത് ഭാരതത്തിന്റെ സാമൂഹിക സാഹചര്യവുമായി എറെ ഇഴുകി ചേര്‍ന്ന് കിടക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യാനന്തരം വിവിധതരം വെല്ലുവിളികള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും സാക്ഷരത ഇല്ലായ്മയും ആയിരുന്നു. അത്തരത്തിലുള്ള വെല്ലുവിളികളെ കാലാന്തരത്തില്‍ നേരിടാന്‍ നമുക്ക് കഴിഞ്ഞു എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നമ്മുടെ രാജ്യത്ത് വിദേശ സര്‍വകലാശാലകളോട് കിടപിടിക്കാന്‍ തക്ക മികവുള്ള സര്‍വകലാശാലകള്‍ നിലവിലുണ്ട്. എന്നാല്‍ അവ ഈടാക്കുന്ന ഫീസ് നമ്മുടെ രാജ്യത്തെ 99% ജനങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതല്ല. ഈ സാഹചര്യത്തെ നേരിടാന്‍ നമ്മുടെ സര്‍വകലാശാലകള്‍ അവയുടെ ഗവേഷണ സാധ്യതകള്‍ ഉയര്‍ത്തിക്കൊണ്ട് മികവ് തെളിയിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ആശയങ്ങളെ കൃത്യമായി അപഗ്രഥിക്കാന്‍ കഴിയുക എന്നുള്ളതാണ് ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയതിനേക്കായുള്ള ഒരു വലിയ ചുവട് വെയ്പ്പ് ആകട്ടെ കേരളസര്‍വകലാശാലയുടെ ഈ സംരംഭം എന്നും അദ്ദേഹം ആശംസിച്ചു.
കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ അഡ്വ. എ. അജികുമാര്‍, ഡോ. എസ്. നസീബ്, അക്വാട്ടിക് ബയോളജി വിഭാഗം മേധാവി എ. ബിജു കുമാര്‍, സര്‍വകലാശാല ഡീന്‍ പ്രൊഫ. സജദ് ഇബ്രാഹിം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.