പരിശോധന കര്‍ശമാക്കി കെഎസ്ആര്‍ടിസി; ടിക്കറ്റില്‍ ക്രമക്കേട് കാട്ടിയ ജീവനക്കാരനെ പിരിച്ചു വിട്ടു

Thiruvananthapuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ വിജിലന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കിയപ്പോള്‍ പിടിക്കപ്പെട്ടത് നിരവധി കുറ്റകൃത്യങ്ങള്‍. ടിക്കറ്റ് സംബന്ധമായ ക്രമക്കേടില്‍ കൈയ്യോടെ പിടി കൂടിയ കെ എസ് ആര്‍ ടി സി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചു വിടുകയും ചെയ്തു. ജൂണ്‍ മാസം 1 മുതല്‍ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27,813 ബസുകളിലാണ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. ഇതില്‍ ടിക്കറ്റ് സംബന്ധമായ 131 എണ്ണം ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ജൂണ്‍ 13ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയില്‍ KS 153 കണിയാപുരം കിഴക്കേക്കോട്ട് എന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത 2 യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാതെ പണാപഹരണം നടത്തിയ കണ്ടക്ടര്‍ എസ്. ബിജുവിനെ പിടികൂടുകയും അന്നുതന്നെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ നിന്നും പിരിച്ചുവിടുകയും ഇയാള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പൊതുപണം അപഹരിച്ചതിന് കേസ് ചാര്‍ജ്ജ് രജിസ്ട്രര്‍ ചെയ്യുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടര്‍ പി.ആര്‍.ജോണ്‍കുട്ടി, അടൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ കെ. മോഹനന്‍ എന്നിവര്‍ യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാത്തതിന് സസ്‌പെന്‍ഡ് ചെയ്യുകയും പണാപഹരണം നടത്തിയതിന് ആലപ്പുഴ, കൊട്ടാരക്കര എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ പൊതുപണം അപഹരിച്ചതിന് കേസ് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.

കൂടാതെ ഇതേ കാലയളവില്‍ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ 10 ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. അകാരണമായി ആറ് സര്‍വ്വീസുകള്‍ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ വി.ജി ബാബു, സ്‌റ്റേഷന്‍ മാസ്റ്റര്‍ സി. എ ഗോപാലകൃഷ്ണന്‍ നായര്‍, പണം ഈടാക്കിയിട്ട് ടിക്കറ്റ് നല്‍കാതിരുന്ന തൃശ്ശൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ബിജു തോമസ്, മേലധികാരിയുടെ നിര്‍ദ്ദേശമില്ലാതെ സ്വന്തമായി സര്‍വ്വീസ് റദ്ദാക്കിയ പൂവ്വാര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ബി.വി മനു, ഡ്രൈവര്‍ അനില്‍കുമാര്‍ എസ്, സ്‌റ്റേഷന്‍ പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രൈവര്‍ റെജി ജോസഫ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ ഡ്രൈവര്‍ പി.സൈജു, അസിസ്റ്റന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടര്‍ ബി. മംഗള്‍ വിനോദ്, ഇ ടി എം തകരാറിലായതിനാല്‍ തന്നിഷ്ടപ്രകാരം സര്‍വ്വീസ് റദ്ദാക്കിയ പൊന്‍കുന്നം ഡിപ്പോയിലെ കണ്ടക്ടര്‍ ജോമോന്‍ ജോസ്, ഏഴ് യാത്രക്കാര്‍ മാത്രമുണ്ടായിരുന്ന ബസില്‍ ഒരു യാത്രക്കാരില്‍ നിന്നും പണം ഈടാക്കാതെയും ടിക്കറ്റ് നല്‍കാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ ഇ ജോമോള്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ടിക്കറ്റെടുക്കാതെ യാത്രചെയ്ത 17 യാത്രക്കാരില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 500/ രൂപ വീതം പിഴയിനത്തില്‍ ആകെ 8500/ രൂപ ഈടാക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കി വരുമാന ചോര്‍ച്ച കണ്ടുപിടിക്കുകയും അതുവഴി കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഉയര്‍ത്തുന്നതിനും വേണ്ട കൃത്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പണാപഹരണം നടത്തുന്ന ജീവനക്കാരെ കണ്ടുപിടിച്ച് പിരിച്ചുവിടല്‍ നടപടി സ്വീകരിക്കുന്നതിന് പുറമേ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്നും സിഎംഡി അറിയിച്ചു.