തിരുവനന്തപുരം: സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാതെ കരുവന്നൂരില്‍ നിക്ഷേപകനായ ശശി മരിച്ച സംഭവത്തില്‍ സി പി എം മറുപടി പറയണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സി പി എമ്മിനും ഒഴിഞ്ഞുമാറാനാവില്ല. കരുവന്നൂരിലെ നിക്ഷേപകരില്‍ രണ്ടാമത്തെ രക്തസാക്ഷിയാണ് ഇത്. ജീവിതത്തിന്റെ നല്ലകാലത്ത് അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പണം നഷ്ടപ്പെടുത്തി അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കിയത് സി പി എമ്മാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അംഗപരിമിതനായ നിക്ഷേപകന്‍ കരുവന്നൂര്‍ കൊളങ്ങാട്ട് ശശിയുടെ അടിയന്തിര ശസ്ത്രക്രിയക്ക് ആവശ്യമായ പണം നല്‍കാതിരുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ള പണം തിരികെ കിട്ടിയിരുന്നെങ്കില്‍ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം വേദനയോടെ പറയുകയാണ്. ഇവരുടെ കുടുംബത്തിന്റെ ചോദ്യത്തിന് ആരു മറുപടി പറയും.
സഹകരണ വകുപ്പും സര്‍ക്കാറും കൃത്യ സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ നിരപരാധികളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ അതിന് പകരം ബാങ്ക് കൊളളയും കള്ളപ്പണ ഇടപാടുകളും നടത്തിയവരെ രക്ഷിക്കാനായിരുന്നു സി പി എം നേതൃത്വവും സര്‍ക്കാരും ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരുവന്നൂരിലെയും കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകളിലെയും തട്ടിപ്പുകാരെ മുഴുവന്‍ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബി ജെ പി നേതൃത്വം നല്‍കുമെന്ന് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.