വിവാദങ്ങളുടെ നവകേരള ബസ് ആര്‍ക്കും വേണ്ട, വെറുതെ കിടന്ന് നശിക്കുന്നത് 1.15 കോടി

Kerala

തിരുവനന്തപുരം: വിവാദങ്ങളുടെ നവകേരള ബസ് ആര്‍ക്കും വേണ്ടാതെ വെറുതെ കിടന്ന് നശിക്കുന്നു. നവകേരള യാത്രക്കായി 1.15 കോടി മുടക്കി വാങ്ങിയ ബസ്സാണ് ഉപയോഗിക്കാതെ വെറുതെ കിടന്ന് നശിക്കുന്നത്. കേരള പര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു. ബസും മുഖ്യമന്ത്രിയും എന്നും വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.

വിവാദങ്ങളിലൂടെ വിവിഐപി പരിവേഷം ലഭിച്ച ബസ് ഇപ്പോല്‍ ആര്‍ക്കും വേണ്ടാതെ കിടന്ന് നശിക്കുകയാണ്. കെ എസ് ആര്‍ ടി സിയുടെ പാപ്പനംകോട്ടെ ഗാരേജിലാണ് ഈ ബസ് ഇപ്പോള്‍ കിടക്കുന്നത്. നവകേരള യാത്രക്ക് ശേഷം വിനോദയാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ഈ ബസ്സിന് രൂപമാറ്റം വരുത്തിയിരുന്നു. എന്നാല്‍ ഇത്രയും മാസം കഴിഞ്ഞിട്ടും അതിനും ഉപയോഗിക്കുന്നില്ലെന്ന് മാത്രം.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം മുഴുവന്‍ സഞ്ചരിച്ച ബസ്സാണെന്നും അതിനല്‍ തന്നെ ഇതിനെ മ്യൂസിയം ആക്കണെന്ന ആവശ്യവും ചില ഇടത് നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിസഭ ഒന്നടങ്കം യാത്ര ചെയ്തതു വഴി ബസിന്റെ മൂല്യം ഇരട്ടിയാകുമെന്നായിരുന്നു ഇടതുനേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇരട്ടി പോയിട്ട് മുടക്കിയത് കിട്ടാതെ നാശത്തിലേക്ക് വിട്ടിരിക്കുകയാണ് ഈ ബസ്സിനെ.

1.15 കോടി രൂപ മുടക്കി നവകേരള യാത്രയ്ക്കായി പുതിയ ബസ് വാങ്ങിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങളുള്ള ബസായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ കറങ്ങുന്ന കസേരയും ഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് യാത്രയ്ക്കുശേഷം പുതുക്കിപ്പണിയുന്നതിനായി കഴിഞ്ഞ ജനുവരിയില്‍ ബംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് കൈമാറിയിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ ടൂറിസം ആവശ്യങ്ങള്‍ക്കായി മാറ്റംവരുത്തുന്നതിന് വേണ്ടിയായിരുന്നു ക്രമീകരണം നടത്തിയത്. ഇവിടെ നിന്നും മാറ്റം വരുത്തി എത്തിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞെങ്കിലും ബസ് ഉപയോഗിക്കുന്നില്ല.

മുഖ്യമന്ത്രിക്കായി അരലക്ഷം രൂപ വിലവരുന്ന സീറ്റാണ് ബസില്‍ സ്ഥാപിച്ചിരുന്നത്. ഇത് നീക്കം ചെയ്തിട്ടുണ്ട്. ഭാവിയിലെ വി.ഐ.പി. യാത്രയ്ക്കുവേണ്ടി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. മന്ത്രിമാര്‍ക്ക് യാത്രചെയ്യാന്‍ സജ്ജീകരിച്ച ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലായിരുന്നു. സീറ്റുകള്‍ പുനഃക്രമീകരിച്ച് ഇതിനുള്ള സ്ഥലമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല. ലക്ഷങ്ങളാണ് ഇതിനെല്ലാമായി ചെലവഴിച്ചത്.