2.9 കോടി വാര്‍ഷിക ലഭാവുമായി കാലിക്കറ്റ് കോര്‍പ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്

Kozhikode

കോഴിക്കോട്: കൊവിഡാനന്തര പ്രതിസന്ധിയെ അതിജീവിച്ച് കാലിക്കറ്റ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.9 കോടി ലാഭം നേടിയതായി ചെയര്‍മാന്‍ ടി. പി ദാസന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പോലെ അടുത്ത സാമ്പത്തിക വര്‍ഷവും ഗുണഭോക്താക്കള്‍ക്ക് എട്ട് ശതമാനം ഡിവിഡന്റ് നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ബാങ്കിന്റെ നെറ്റ് എന്‍.പി.എ ഏറ്റവും താഴ്ന്ന നിരക്കായ 1.70ശതമാനത്തിലേക്കു എത്തിക്കുവാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. മൂലധന പര്യാപ്തത സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 20.49 ശതമാനത്തിലേക്ക് എത്തിക്കുവാനും ബാങ്കിന് കഴിഞ്ഞു. ഈ വര്‍ഷം ബാന്‍കോ ബ്ലൂ റിബോണ്‍ അവാര്‍ഡും എഫ്.സി.ബി.എ അവാര്‍ഡും ബാങ്കിന് ലഭിച്ചു. ബാങ്കില്‍ പുതിയ സി.ബി.സ് കൊണ്ടുവരാന്‍ തീരുമാനിച്ചതിനാല്‍, കോമേഴ്ഷ്യല്‍ ബാങ്കുകളുടെ സേവനവും കാലിക്കറ്റ് കോ. ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വഴി ലഭ്യമാവും. മൂന്ന് സെന്റില്‍ കുറവുള്ള ഭൂമിക്കും വില നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കുന്ന ഏക ബാങ്കിങ് സ്ഥാപനം എന്നതും കാലിക്കറ്റ് കോ ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്കിന് അവകാശപ്പെട്ടതാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. 1915ല്‍ തുടങ്ങിയ ബാങ്കിപ്പോള്‍ 108ാം വാര്‍ഷികത്തിലാണ്.

വാര്‍ത്ത സമ്മേളനത്തില്‍ ബാങ്ക് സി.ഇ.ഒ പി.രാകേഷ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി.അശോകന്‍, പി.ആര്‍.സുനില്‍ സിങ് , സി.ബാലു , പി.വി.മാധവന്‍, കെ.പി.അബൂബക്കര്‍, കെ.സീനത്ത്, കെ.ടി.സജിത, കെ.സുഗന്ധി എന്നിവരും പങ്കെടുത്തു.