കാണാതായ കുട്ടിയുടെ മൃതദേഹം കോഴിക്കോട് ബീച്ചില്‍ കണ്ടെത്തി

Kozhikode

കോഴിക്കോട്: ബുധനാഴ്ച വൈകിട്ടോയെ കോതിപ്പാലം ബീച്ചില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകന്‍ മുഹമ്മദ് സെയ്ദ്(14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബീച്ചില്‍ നാലുകുട്ടികളായിരുന്നു തിരയില്‍പെട്ടത്.

ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കോതിപ്പാലം ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ ഓടിയെത്തി മൂന്ന് കുട്ടികളെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. ഇനി ആരും അപകടത്തില്‍പ്പെട്ട് കാണില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ കരുതിയത്. നാലാമത്തെ കുട്ടി കരയ്ക്ക് കയറിയതായി മറ്റു കുട്ടികള്‍ പറഞ്ഞതിനാല്‍ കടലില്‍ കൂടുതല്‍ തിരച്ചിലും നടത്തിയില്ല.

പിന്നീട് നാലാമന്‍ മുഹമ്മദ് സെയ്ദിനായി ബന്ധുവീട്ടിലും പ്രദേശത്തും ഇന്നലെ തിരച്ചില്‍ നടത്തുകയുണ്ടായി. കുട്ടി ബന്ധുവീട്ടിലോ മറ്റോ പോയി കാണുമെന്നായിരുന്നു ഇന്നലെ രാത്രി കരുതിയിരുന്നത്. ഇന്ന് രാവിലെയാണ് 14കാരന്റെ മൃതദേഹം ബീച്ചിന് അരികില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. പയ്യാനക്കല്‍ ഗവ. സ്‌കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കുട്ടി.