കോഴിക്കോട്: കേരളത്തിലെ എ പ്ലസ് ഗ്രന്ഥശാലകള്‍ക്ക് ‘നടപ്പാത’ പുസ്തകം വിതരണം ചെയ്തു. അമേരിക്കന്‍ എഴുത്തുകാരുടെ സംഘടനായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ലാന)യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ‘നടപ്പാത: സമകാല അമേരിക്ക!ന്‍ മലയാള സാഹിത്യത്തിലൂടെ സര്‍ഗ സഞ്ചാരം’ എന്ന പുസ്തകം സംസ്ഥാനത്തെ മുഴുവന്‍ എ പ്ലസ് ഗ്രന്ഥാലയങ്ങള്‍ക്കും നല്‍കുന്നതിന്റെ ഉദ്ഘാടനം കോഴിക്കോട് ദര്‍ശനം സാംസ്‌കാരികവേദി എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ നടന്നു.സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്ത ആദ്യപുസ്തകം ഗ്രന്ഥശാല സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ നോവലിസ്റ്റ് ഷീലാ ടോമിയില്‍ നിന്നും ഏറ്റുവാങ്ങി.
വിവിധ അമേരിക്കന്‍ എഴുത്തുകാരുടെ ചെറുകഥകളും കവിതകളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച ഗ്രന്ഥം പ്രസിദ്ധീകരിച്ചത് കണ്ണൂരിലെ നിധി ബുക്‌സാണ്. ഗ്രന്ഥം തപാലില്‍ അതാതു ഗ്രന്ഥശാലകളില്‍ പ്രസാധകരായ നിധി ബുക്‌സ് എത്തിക്കും. ദര്‍ശനം പ്രസിഡണ്ട് പി സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. നിധി ബുക്‌സി ലെ മെന്റര്‍മാരായ ലിജിന കൃഷ്ണന്‍, ദേവഗിരി കോളേജ് ഇംഗ്‌ളീഷ് അധ്യാപകന്‍ റോബിന്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ എഴുത്തച്ഛന്റെ മതപ്പാടുകള്‍ എന്ന പുസ്തകചര്‍ച്ച സാമൂഹ്യ പ്രവര്‍ത്തക വി പി സുഹറ നയിച്ചു. അമേരിക്കയില്‍ നിന്ന് ലാന പ്രതിനിധി എഴുത്തുകാരന്‍ എസ് അനിലാലും ഛത്തീസ്ഘട്ടില്‍ നിന്ന് അരുണ്‍ എഴുത്തച്ഛനും ഓണ്‍ലൈനില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോണ്‍സണ്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം സതീശന്‍ കൊല്ലറക്കല്‍ നന്ദിയും പറഞ്ഞു.
ദര്‍ശനം ഓണ്‍ ലൈന്‍ വായനാമുറിയില്‍ നല്കിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ വിജയികളായവര്‍ക്കും പ്രതിദിന വിജയികള്‍ക്കും ചടങ്ങില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു. വിജയികളായ അമേരിക്കന്‍ എഴുത്തുകാരായ കാലിഫോര്‍ണിയില്‍ നിന്നുള്ള ലൈലാ അലക്‌സ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോസ് ചെരിപുറം എന്നിവര്‍ക്കുവേണ്ടി ഷീലാ ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത് ‘, ‘ വല്ലി ‘ എന്നിവ കയ്യൊപ്പ് ചാര്‍ത്തി ദര്‍ശനം പ്രസിഡണ്ട് പി. സിദ്ധാര്‍ത്ഥന് കൈമാറി.
പ്രദേശത്തുനിന്നും ഉന്നതവിജയം നേടി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച നീതു വി കെ യെ ഈ ചടങ്ങില്‍ അനുമോദിച്ചു.