എ പ്ലസില്‍ എല്ലാവരും സന്തോഷിക്കുമ്പോള്‍ നൊമ്പരമായി ഒമ്പത് എ പ്ലസും ഒരു എയും

Kozhikode

പയ്യോളി: എ പ്ലസില്‍ എല്ലാവരും സന്തോഷിക്കുമ്പോള്‍ ഒമ്പത് എ പ്ലസും ഒരു എയും നാടിന് നൊമ്പരമായി മാറുന്നു. ഒരു മാസം മുമ്പ് അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തിയ ഗോപികയുടെ എ പ്ലസാണ് ഒരു നാടിന് നൊമ്പരമാകുന്നത്. എസ് എസ് എല്‍ സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമുണ്ടായിരുന്നു.

ഗോപിക പരീക്ഷയെഴുതി കഴഞ്ഞതിന്റെ അടുത്തദിവസമാണ് അവളേയും അനിയത്തി ജ്യോതികയെയും അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തിയത്. ശേഷം അച്ഛന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ജീവനൊടുക്കുകയും ചെയ്തിരുന്നു.

പയ്യോളി ടി എസ് ജി വി എച്ച് എസ് സ്‌കൂളില്‍ 720 പേരാണ് എസ് എസ് എല്‍സി പരീക്ഷ എഴുതിയത്. ഇവിടെ പരീക്ഷയെഴുതിവര്‍ക്കെല്ലാം തങ്ങളുടെ ഫലത്തെക്കാള്‍ ഗോപികയുടെ ഫലമറിയാനായിരുന്നു ആകാംക്ഷ ഉണ്ടായിരുന്നത്. ഗോപികയുടെ വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ആ ഒമ്പത് എ പ്ലസും ഒരു എയും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഇപ്പോള്‍ വേദനയായി മാറി.