ഗ്വാളിയോര്‍: വീട്ടിലേക്ക് പോകാന്‍ സഹോദരനെ കാത്തുനിന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജാന്‍സി റോഡില്‍ പട്ടാപ്പകലാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിക്കാനായി രണ്ട് സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ഓടെ ബസ് ഇറങ്ങിയ ശേഷം സമീപത്തെ ഒരു പെട്രോള്‍ പമ്പില്‍ നില്‍ക്കവെയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വിദ്യാര്‍ത്ഥിനിടെ തട്ടിക്കൊണ്ട് പോകുന്നത്.
ബൈക്കിന്റെ പിന്നിലിരുന്ന ഒരാള്‍ ഇറങ്ങി പെണ്‍കുട്ടിയെ പിടിച്ച് ബൈക്കിന്റെ സീറ്റില്‍ ഇരുത്തുകയായിരുന്നു. ഇയാള്‍ കൂടി കയറിയിരുന്ന ശേഷം ബൈക്ക് ഓടിച്ചുപോകുകയും ചെയ്തു. സംഘത്തിലെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. രണ്ടാമന്‍ തുണി കൊണ്ട് മുഖം മറച്ചിരുന്നതാണ് കൃത്യം നടത്തിയത്. രക്ഷപ്പെടാനും ബൈക്കില്‍ കയറാതിരിക്കാനും പെണ്‍കുട്ടി ശ്രമിച്ചിരുന്നെങ്കിലും യുവാക്കള്‍ ബലം പ്രയോഗിക്കുകയായിരുന്നു.
പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറകളില്‍ സംഭവം മുഴുവന്‍ പതിഞ്ഞിരുന്നു. തട്ടിക്കൊണ്ട് പോകല്‍ നടക്കുന്ന സമയത്ത് തൊട്ടടുത്ത് തന്നെ പമ്പിലെ ജീവനക്കാരനും വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ നില്‍ക്കുന്നവരുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെടാനും തടയാനോ മുതിര്‍ന്നില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്.