പ്രണയ തടാകത്തിലെ ഫ്‌ളമിങ്കോകള്‍

Articles

യാത്ര/ടി കെ ഇബ്രാഹിം

സായാഹ്നം ദുബൈ നഗര പാര്‍ശ്വത്തിലെ അല്‍ ഖുദ്ര ലൗലേക്ക്‌സി ( Love Lakes)ലേക്കാകാമെന്നു നിശ്ചയിച്ചത് വൈകിയാണ്. വിശാലമായ മരു പ്രദേശമാകെ കൃത്രിമമായി നിര്‍മ്മിച്ച ജലാശയങ്ങളുടെ സമുച്ഛയമാണ് അല്‍ ഖുദ്ര പ്രണയ തടാകങ്ങള്‍. പരിസരമാകെ മരം നട്ടും പുല്‍തകിടികളാല്‍ അലങ്കരിച്ചും പ്രദേശത്തിനാകെ കാല്പനികച്ഛായ നല്‍കിയിട്ടുണ്ട്. ജലോപരിതലത്തില്‍ നീന്തിത്തുടിക്കുന്ന ബഹുവര്‍ണ്ണങ്ങളായ ജലജീവികള്‍ കോയികാര്‍പ് പോലുള്ള എക്വേറിയം ഫിഷുകളാണ്.

ദ്വീപുകളുടെ മണല്‍തിട്ടകളിലും തീരങ്ങളിലും ധ്യാനസ്ഥരായി തപസ്സിരിക്കുന്ന കൊക്കുകളും കുളക്കോഴികളും അരണ്ടകളും നീര്‍പക്ഷികളും അവിടം ഒരു സ്വാഭാവിക ജലാശയമെന്നപോല വളര്‍ന്നതിന്ന്‌ശേഷം ചേക്കേറിയതാവാനേ തരമുള്ളു. വിസ്മയകരമായി കാഴ്ചയിലൊന്ന് വെള്ള നിറത്തിലുള്ള പൂഞ്ഞാറകളുടെ (ഫ്‌ലമിങ്കോ) വലിയ പറ്റം തടാകത്തിലും മണല്‍ തിട്ടകളിലുമായി വിശ്രമിക്കുന്നതാണ്.

ഫോട്ടോഗ്രഫിയുടെ ബാലപാഠം നിശ്ചയമില്ലാത്തതിനാലും മേന്മ കുറഞ്ഞ മൊബൈല്‍ ക്യാമറയുടെ പരിമിതിയിലും ഒപ്പിയെടുത്ത ചിത്രങ്ങള്‍ക്ക് ദൃശ്യപ്പൊലിമ തെല്ലുമില്ല. വയനാട്ടിലെ കുറുവ ദീപുകളോളം വൃക്ഷവൈവിദ്ധ്യമില്ലെങ്കിലും വിസ്തൃതിയില്‍ വലുതാണ് ഈ ജലാശയങ്ങള്‍.

മരുഭൂമിലെ ജലസാന്നിധ്യമുള്ള ഇടങ്ങളില്‍ മാത്രം കണ്ടുവരുന്ന പേരറിയാത്ത പക്ഷികളുടെ ഒരാവാസ കേന്ദ്രമായി ഇവിടം മാറിക്കൊണ്ടിരിക്കുന്നു. അവയ്ക്ക് കൂടൊരുക്കാനും മുട്ടയിട്ടു വിരിയാനും അനുയോജ്യമാം വിധം വൃക്ഷശിഖരങ്ങള്‍ തടാകങ്ങള്‍ക്കുചുറ്റും സമൃദ്ധമായി വളരുന്നു. പക്ഷിനിരീക്ഷണം പാഷനായിനായി തെരഞ്ഞെടുത്ത യുവാക്കളുടെ സാന്നിദ്ധ്യം ഇവിടെ അപൂര്‍വ്വമായുണ്ട്.

വരുംകാലത്ത് തട്ടേക്കാടോ, കടലുണ്ടിയോ പോലെ അല്‍ ഖുദ്രയിലെ പ്രണയ തടാകങ്ങളും പക്ഷിസങ്കേതമായി പരിണമിച്ചുകൂടെന്നില്ല. ഇവിടെ അസ്തമയ സൂര്യന്റെ പ്രതിബിംബം മറ്റൊരു മായാ കാഴ്ച തന്നെ. ദുബൈ നഗരത്തിലെ ബുര്‍ജ് ഖലീഫയ്ക്കും അനേകം നഗരക്കാഴ്ചകള്‍ക്കുമിടയില്‍ മരുപ്രകൃതിക്കു നടുവിലെ അല്‍ഖുദ്ര പ്രണയ തടാകം വ്യത്യസ്ഥമായ ഒരനുഭവം.

.