നിരീക്ഷണം / എസ് ജോസഫ്
കവിതയും കഥയും നോവലും നാടകവും ആത്മകഥയും തമ്മില്‍ അടുപ്പങ്ങളും അകലങ്ങളും ഉണ്ട്. ഭാഷ കൊണ്ടാണ് എല്ലാം എഴുതുന്നത്. എല്ലാറ്റിലും ഭാഷാസൗന്ദര്യം ഉണ്ട്. അതിനായി ആലങ്കാരികഭാഷ ഉപയോഗിക്കുന്നുണ്ട്. പ്രതീകം , രൂപകം , ഉപമ, അന്യാപദേശം , മിത്ത് , വിരോധാഭാസം ഒക്കെ എല്ലാ ഴാനറുകളിലും ഉണ്ട്. മാത്രമല്ല ഴാനറുകള്‍ തമ്മില്‍ കലരുന്നുമുണ്ട്.
ഈ ഴാനറുകളെ അങ്ങോട്ടുമിങ്ങോട്ടും കണ്വേര്ട്ടു ചെയ്യാന്‍ പ്രയാസമില്ല. ഒരു നോവലിലെ ഒരു സന്ദര്‍ഭം കവിതയാക്കാം. രമണന് എന്ന കവിത നോവലാക്കാം. നാടകമാക്കാം. നാടകത്തെ കവിതയാക്കാം. അപ്പോഴൊക്കെ സ്വഭാവം മാറും.പല നോവലുകളും ആത്മകഥാപരമാണ്. സാഹിത്യകലകള്‍ എല്ലാം തന്നെ പരസ്പരം കണ്‍വേര്‍ട്ടബ്ള്‍ ആണ്. ചിത്രമോ ശില്പമോ കവിതയ്ക്ക് കാരണമാകാം. ഭാവനയെ ഭാഷയിലേക്ക് കണ്വേര്ട്ടു ചെയ്യുന്നതാണ് സാഹിത്യം. അനുഭവവും ഭാവന ചെയ്താണ് ഭാഷയായി, എഴുത്തായി മാറുന്നത്. ഭാവന ഭാഷയും ചിത്രങ്ങളും തന്നെ. ചിത്രങ്ങള്‍ ഭാഷയില്‍ നില നില്ക്കുന്നു. ഈ ലോകത്തെ ആകെ വിശദീകരിക്കാന്‍ ഭാഷ വേണം. ഭാഷകൊണ്ട് വിശദീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളും ഉണ്ട്.
നോവലില്‍ കഥയും നാടകവും കവിതയും ഉണ്ട്. ഇവ എല്ലാറ്റിലും കഥാപാത്രങ്ങള്‍ ഉണ്ട്. ഈ സാഹിത്യരൂപങ്ങളില്‍ ചെറുത് കവിതയാണ്. മിനിക്കഥകള്‍ ഉണ്ട്. പക്ഷേ കവിത ഇതിഹാസങ്ങളായും ഉണ്ട്. നാടകത്തിന്റെ വലിപ്പത്തിനും ചെറുപ്പത്തിനും ഒരു പരിധിയുണ്ട്. കഥയുടെ വലിപ്പത്തിന് പരിധിയുണ്ട്. നോവല്‍ എപ്പിക്കിന്റെ വലിപ്പത്തിലെത്താറുണ്ട്. ചെറുതാകുന്നതിന് നോവലിന് പരിധിയുണ്ട്. പുസ്തകം എന്ന സങ്കല്പത്തിന് ഒരു പരിധിയുണ്ട്. മിനിമം ഇത്ര പേജില്‍ കുറയരുത്. പുസ്തകത്തിന്റെ വലിപ്പത്തിനും പരിധിയുണ്ട്. നോവല്‍ ആ വലിപ്പത്തിനപ്പുറം പോകുകയില്ല.
കവിതയുടെ ചെറുതാകല്‍ ഒരു വാക്യത്തിന് താഴെ വരില്ല. മിനിമം രണ്ടു വാക്കുകള്‍ എങ്കിലും ചേരുമ്പോഴേ ഭാഷ ആലങ്കാരികമാകുകയുള്ളു. അതിലേ സൗന്ദര്യമുള്ളു. ഭാഷാ സൗന്ദര്യമാണ് കാവ്യാനുഭൂതി. വെളുത്ത എന്നതില്‍ സൗന്ദര്യമില്ല. വെളുത്ത മഴ എന്നതില്‍ ഉണ്ട്. വാക്യത്തിലാണ് അര്‍ത്ഥം പൂര്‍ണമാകുന്നത് എന്ന് ഭര്‍തൃഹരി . വാക്യം വാക്കുകളിലില്ലാത്ത അര്‍ത്ഥം സൃഷ്ടിക്കുന്നു.
പില്ക്കാലത്ത് വായിക്കുമ്പോള്‍ പല നോവലുകളിലും ധാരാളം ചപ്പും ചവറും കാണാം. കഥകളിലെ ആലങ്കാരിക ഭാഷ കാലം മാറുമ്പോള്‍ മടുപ്പിക്കും. കാരണം ഭാഷയുടെ ആലങ്കാരിക സങ്കല്പം മാറുന്നു എന്നതാണ്. എന്നാല്‍ താളം ഈണം എന്നിവയാല്‍ ബലവത്തായി നില്ക്കുന്ന കവിതയെ ആ പ്രശ്നം അത്ര ബാധിക്കില്ല എന്നു തോന്നുന്നു. ‘രാജശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. ‘ (വാസനാ വികൃതി) ഈ തുടക്കം മനോഹരമാണ് ; ചരിത്ര ഗാഥയുടെ തുടക്കവും. ഇന്നെഴുതുന്ന 99 % കവിതകളും കാലഹരണപ്പെട്ടു പോകും. നോവലുകളും കഥകളും ആത്മകഥകളും അങ്ങനെ തന്നെ.