കോഴിക്കോട്: നൂറ്റാണ്ടുകളായി മലയാളക്കരയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ദ്വീപ് നിവാസികള്‍ക്ക് മലയാളഭാഷ പഠിക്കുവാനുള്ള അവസരം നിഷേധിക്കുന്ന നടപടികളില്‍ നിന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് മാറണമെന്ന് എം എസ് എസ് ആവശ്യപ്പെട്ടു.
ലക്ഷദ്വീപില്‍ കേരള സിലബസ് പിന്തുടരുന്ന എല്ലാ മലയാളം മീഡിയം സ്‌കൂളുകളും 2024-25 അധ്യായന വര്‍ഷം മുതല്‍ സി ബി എസ് ഇ യിലേക്ക് മാറ്റണമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്റ്റര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇനി മുതല്‍ ഒന്നാംക്ലാസ് പ്രവേശനം സി.ബി.എസ്.ഇ കരിക്കുലം പ്രകാരമായിരിക്കും. രണ്ട് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ അടുത്ത വര്‍ഷം മുതല്‍ പുതിയ സിലബസ്സിലേക്ക് മാറ്റണം. ഇതോടെ മലയാളഭാഷ ദ്വീപുകാര്‍ക്ക് അന്യമാകും.
മലയാള ഭാഷയെ പോലെ അറബി ഭാഷയെയും ദ്വീപില്‍ നിന്ന് ഒഴിവാക്കാനുള്ള തന്ത്രമാണ് ഇത് എന്നാണ് മനസ്സിലാക്കേണ്ടത്. ദ്വീപുകളില്‍ മലയാളം മീഡിയം സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ അറബി ഭാഷയും പാഠ്യ വിഷയമാണ്. സിബിഎസ്ഇ കരിക്കുലത്തില്‍ നിലവില്‍ അറബി ഭാഷ ഇല്ല.
പതിറ്റാണ്ടുകളായി കേരളവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ദ്വീപുകാര്‍ക്ക് മലയാളഭാഷയും കേരളീയ സംസ്‌കാരവും പഠിക്കുവാനുള്ള അവസരം നിഷേധിക്കരുതെന്ന് എം എസ് എസ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിന്റെ പേരു പറഞ്ഞ് മുസ്ലീം സമുദായത്തിന്റെ സംവരണക്വോട്ട കുറക്കുവാനുള്ള സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.വിവിധ ജാതി മത സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക നില കണ്ടെത്താന്‍ വിഭാവനം ചെയ്യുന്ന ജാതി സര്‍വേ കേരളത്തില്‍ നടത്താന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത ഒഴിവാക്കണമെന്നും സര്‍വെ നടത്താനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഡോ. പി ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടരി പ്രൊഫ:ഇ.പി. ഇമ്പിച്ചിക്കോയ റിപ്പോര്‍ട്ടും ഡോ.അബൂബക്കര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മികച്ച പ്രവൃത്തനങ്ങള്‍ നടത്തിയ ജില്ല കമ്മിറ്റിക്കുള്ള അവാര്‍ഡ് ഡോ:ഉണ്ണീന്‍ സാഹിബും ഏറ്റവും മികച്ച യൂണിറ്റിന്നുള്ള അവാര്‍ഡ് പ്രൊഫ:ഇമ്പിച്ചിക്കോയയും,അഡ്വ:എ റഹീമും വിതരണം ചെയ്തു.
നവീകരിച്ച എം.എസ് എസ് ഓഡിറ്റോറിയം വ്യവസായ പ്രമുഖന്‍ പി.കെ അഹമ്മദും സംഘടനയുടെ വെബ്‌സൈറ്റ് പി.വി അഹമ്മദ് കുട്ടിയും സംഘടന ഏര്‍പ്പെടുത്തിയ ഹെല്‍ത്ത് കാര്‍ഡ് കെ.വി കുഞ്ഞഹമ്മതും ഉല്‍ഘാടനം ചെയ്തു.
പുതിയ വര്‍ഷത്തെ ഭാരവാഹികളായി ഡോ.പി.ഉണ്ണീന്‍(പ്രസിഡണ്ട്) ടി.എസ് നിസാമുദ്ദീന്‍, പൊയിലൂര്‍ അബൂബക്കര്‍ ഹാജി, അഡ്വ: പി.വി സൈനുദ്ദീന്‍, കെ.എം സലിം (വൈ.പ്രസിഡണ്ടുമാര്‍) എഞ്ചിനീയര്‍ പി.മമ്മത് കോയ(ജനറല്‍ സെക്രട്ടരി) പി.എം അബ്ദുനാസര്‍, എന്‍ ഹബീബ്, എ.നജീര്‍. കെ.പി.ഫസലുദ്ദീന്‍ (സെക്രട്ടരിമാര്‍) പി.ഒ ഹാഷിം (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു. നിയാസ് പുളിക്കലകത്ത് സ്വാഗതവും എന്‍ ഹബീബ് നന്ദിയും പറഞ്ഞു.