തിരുവനന്തപുരം: ഷഹാനയുടെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസിന്റെ ഉറപ്പ്. തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഷഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊലീസുമായി തര്‍ക്കമുണ്ടാകുകയും ചെയ്തു. കേസ് വിശദമായി അന്വേഷിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഷഹാനയെ ആശുപത്രിയില്‍ വെച്ച് വരെ ഭര്‍തൃമാതാവ് മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഷഹാനയുടെ കുടുംബത്തിന്റെ പരാതിയില്‍ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2020ലായിരുന്നു നൗഫല്‍ ഷഹാന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കള്‍ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കള്‍ പറയുന്നു. പരിഹാസം പിന്നെ പീഡനമായി മാറുകയായിരുന്നു.