‘2018’ സിനിമ ചരിത്രം കുറിച്ച് വീണ്ടും ഓസ്‌കാറിന്‍റെ മത്സരപ്പട്ടികയിലേക്ക്, തിരിച്ചു കയറിയത് ഇന്‍ഡിവുഡ് പ്ലാറ്റ്‌ഫോം വഴി

Cinema

സിനിമ വര്‍ത്തമാനം

ഓസ്‌കാര്‍ മത്സരത്തില്‍ നിന്ന് പുറത്തായ മലയാള ചിത്രം 2018ന് ഒരിക്കല്‍ കൂടി മത്സരിക്കാന്‍ വഴി തെളിഞ്ഞു. ഓസ്‌കാറിലെ’ മികച്ച ചിത്രം ‘ എന്ന വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ മത്സര വിഭാഗങ്ങളിലെയ്ക്കാണ് നാടിന്റെ അഭിമാനമായ ഈ സിനിമ വീണ്ടും മത്സരിക്കുന്നത്. ആദ്യമായാണ് ഒരിക്കല്‍ മത്സര ചിത്രത്തില്‍ നിന്ന് പുറത്തായ ഒരു സിനിമയ്ക്ക് വീണ്ടും അതേ അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ അവസരം ഒരുങ്ങുന്നത്.

ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിലേക്ക് ഭാരതത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി 2018 എന്ന ചലച്ചിത്രം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവാര്‍ഡിലെ ‘ ഫോറിന്‍ കാറ്റഗറി ‘ വിഭാഗത്തിലാണ് ഔദ്യോഗിക എന്‍ട്രികള്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഈ സിനിമ ഈ വിഭാഗത്തിലെ അന്തിമ പട്ടികയില്‍ ഇടം നേടാതെ ഓസ്‌കാര്‍ അക്കാദമി അവാര്‍ഡുകളില്‍ നിന്നും പുറത്താവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ‘ ഇന്‍ഡിവുഡ് എന്റര്‍ടൈന്‍മെന്റ് കണ്‍സോര്‍ഷ്യം ‘ എന്ന രാജ്യാന്തര ഓസ്‌കാര്‍ കണ്‍സള്‍ട്ടന്‍സി ‘, ഈ ചിത്രത്തെ മുഖ്യധാരാ വിഭാഗത്തിലെ ‘ബെസ്റ്റ് പിക്ചര്‍’ ഉള്‍പ്പെടെയുള്ള മത്സര വിഭാഗങ്ങളിലേക്ക് പരിഗണിക്കപ്പെടാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിടുകയും അവ ഫലപ്രാപ്തിയിലെത്തുകയും ചെയ്തത്.

സിനിമാസ്വാദകരുടെ നഷ്ടപ്പെട്ട പ്രതീക്ഷകള്‍ക്ക് ഇത്തരത്തില്‍ പുതുജീവന്‍ നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിവുഡ് എന്റര്‍ടൈന്‍മെന്റ് കണ്‍സോര്‍ഷ്യത്തിന്റെ സ്ഥാപക ചെയര്‍മാന്‍ സര്‍ സോഹന്‍ റോയ് പറഞ്ഞു. ‘അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ ഇപ്രകാരം മലയാള സിനിമയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി എന്ന നിലയില്‍ ‘ ഫോറിന്‍ കാറ്റഗറി ‘ വിഭാഗത്തിലെ മികച്ച 10 സിനിമകളുടെ പട്ടികയില്‍ 2018 ന് എത്തിപ്പെടാന്‍ സാധിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. എങ്കിലും ഞങ്ങളുടെ ശ്രമഫലമായി ‘ബെസ്റ്റ് പിക്ച്ചര്‍ ‘ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് മത്സരിക്കാന്‍ ഈ സിനിമയ്ക്ക് വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ്. മലയാളക്കരയിലേക്ക് ഓസ്‌കാര്‍ പുരസ്‌കാരം എത്തിച്ചേരണമെന്ന് എല്ലാ മലയാളികളെയും പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ‘ അദ്ദേഹം പറഞ്ഞു.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ സിനിമ ഭാഷകളുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകളില്ലാതെ ഏത് സിനിമാസ്വാദകനും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വൈകാരിക പശ്ചാത്തലമുള്ള ഒരു സിനിമയാണ്. പരാഗ്വേ ആസ്ഥാനമായ ‘എംബി ഫിലിംസ് ‘ എന്ന അന്താരാഷ്ട്ര ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലൂടെ അന്താരാഷ്ട്ര തലത്തില്‍ സിനിമയെ മാര്‍ക്കറ്റ് ചെയ്യാനും സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡിവുഡ് മുഖേന അവസരമൊരുങ്ങിയിരുന്നു. ഇത് പ്രകാരം സൗത്ത് അമേരിക്കന്‍ തിയേറ്ററുകളില്‍ ഈ സിനിമയുടെ റിലീസിന് കളമൊരുങ്ങിയിരിക്കുകയാണ് . പോര്‍ച്ചുഗീസ്, സ്പാനിഷ് ഭാഷകളില്‍ നാനൂറിലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. മികച്ച സിനിമകള്‍ ഒരുക്കുന്ന പക്ഷം ഇന്ത്യന്‍ സിനിമകള്‍ക്ക് വലിയൊരു വാണിജ്യ സാധ്യത മുന്നിലുണ്ടെന്ന് ഈ സിനിമ അടിവരയിടുന്നു.

ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര തലത്തിലേയ്‌ക്കെത്തിയ്ക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്, അര്‍ഹതയുള്ള സിനിമകള്‍ക്ക് ഗ്ലോബല്‍ ഫിലിം മാര്‍ക്കറ്റില്‍ അതിന്റേതായ സ്ഥാനം ഉറപ്പിക്കുവാന്‍ എന്നും സഹായിച്ചിട്ടുള്ള സ്ഥാപനമാണ് ഇന്‍ഡിവുഡ് എന്റര്‍ടൈന്‍മെന്റ് കണ്‍സോര്‍ഷ്യം. നാളിതുവരെ ഏകദേശം അറുപതിലധികം ഇന്ത്യന്‍ സിനിമകളെ ഓസ്‌കാറിലേക്കും മുഖ്യധാരാ ഫിലിം ഫെസ്റ്റിവലുകളിലേക്കും എത്തിക്കുവാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.

കാന്താര (കന്നഡ), റോക്കട്രി: ദ നമ്പി ഇഫക്ട് (ഇംഗ്ലീഷ്), ജയ് ഭീം (തമിഴ്), മരക്കാര്‍: അറബിക്കടലിന്റെ സിംഹം (മലയാളം), കായംകുളം കൊച്ചുണ്ണി (മലയാളം), പുലിമുരുകന്‍ (മലയാളം), ദി ഫ്രോസണ്‍ ഫയര്‍ (സിംഹളീസ്), ടൂറിംഗ് ടോക്കീസ് (മറാഠി), ജോസഫ് (ഇംഗ്ലീഷ്), ഡിയര്‍ മോളി (ഹിന്ദി), പ്രഹ്ലാദ് (ഹ്രസ്വചിത്രം ഹിന്ദി), സര്‍പതത്വം (ഹ്രസ്വ ഡോക്യുമെന്ററി ഇംഗ്ലീഷ്, മലയാളം), ബ്ലാക്ക് സാന്‍ഡ് (ഡോക്യുമെന്ററി ഇംഗ്ലീഷ്) എന്നിവ അവയില്‍ ചിലതാണ്.

രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി മാസം പതിനൊന്നാം തീയതി വ്യാഴാഴ്ച മുതല്‍ പതിനാറാം തീയതി ചൊവ്വാഴ്ച വരെയാണ് ഓസ്‌കാറിന്റെ നോമിനേഷനായുള്ള വോട്ടിംഗ് നടക്കുന്നത്. ഈ മാസം ഇരുപത്തി മൂന്നിന് നോമിനേഷന്‍ നേടിയവരുടെ അന്തിമ പട്ടിക ലഭ്യമാകും.