യുറേക്കയും ഡിഗ്‌നിറ്റിയും മേളയില്‍ തിളങ്ങി, മലയാളികള്‍ നിറഞ്ഞ് തീയേറ്ററുകള്‍

Cinema

എം കെ രാമദാസ്

പനാജി: രജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രതിനിധികളെ വിസ്മയിപ്പിച്ച് കൊണ്ട് യുറേക്കയുടെ പ്രദര്‍ശനം. അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലളിലൂടെ കാഴ്ചക്കാരെ ആനയിക്കുന്ന ലിസാന്‍ഡ്രോ അലന്‍സോ സിനിമയുടെ പുതിയ വായനയാണ് സാധ്യമാക്കുന്നത്. കഥയോ കഥാപാത്രങ്ങളോ സിനിമയുടെ പൂര്‍ത്തീകരണത്തിന് അത്യാവശ്യ ഘടകങ്ങളല്ലെന്ന് യുറേക്ക തെളിയിക്കുന്നു.

യുറേക്കയിൽ നിന്നുള്ള മറ്റാരു രംഗം

സിനിമയുടെ നിര്‍മ്മാണം നടക്കുന്ന രാജ്യങ്ങളിലെ സംഭവത്തെ കോര്‍ത്തിണക്കുന്നതിന്ന് സംവിധായകന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ പ്രേക്ഷകരെ അമ്പരിപ്പിക്കും. പ്രകൃതിയുടെ ആത്ഭുതഭാവങ്ങള്‍ കഥ പറയുന്നതിന്നായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ അലന്‍സോ നടത്തുന്നു. അതില്‍ വിജയിക്കുന്നു. യുറേക്കയുടെ ആരംഭം ശരിയ്ക്കും ആസ്വാദകരെ ഞെട്ടിക്കുന്നതാണ്. പ്രതിനിദാനം ചെയ്യുന്ന ഭൂപ്രദേശവും മനുഷ്യരും ഇതുവരെ കണ്ട കാഴ്ചകളുമായി പൊരുത്തപ്പെടുന്നില്ല. നിര്‍വികാരരായി മുന്നിലെത്തുന്ന കഥാപത്രങ്ങള്‍ സിനിമയ്ക്കുള്ളിലെ സിനിമയാണെന്നറിയുന്നത് വൈകിയാണ്. എന്നിട്ടും അവസാനിക്കുന്നില്ല അവിടുത്തെ ഉത്കണ്ഠകള്‍.

പ്രധാന വേദിയായ ഐനോക്സ് പരിസരം

ദിമിത്രി കസ്മിരീസിന്റെ ഡിഗ്‌നിറ്റി പ്രദാനം ചെയ്യുന്ന കാഴ്ചാനുഭവം വേറിട്ടതാണ്. സംവിധായകന്റെ സമാനനാമത്തിലുള്ള വൃദ്ധ കഥാപാത്രത്തിലൂടെ തുടങ്ങുകയും സമാപിക്കുകയും ചെയ്യുന്ന സിനിമ കുടുംബത്തിനകത്തെ വ്യക്തികളുടെ വൈവിധ്യമുള്ള മനസഞ്ചാരത്തെ വ്യക്തമാക്കുന്നു, നിരവധി തവണ മാസ്റ്റര്‍ സംവിധായകര്‍ കൈകാര്യം ചെയ്ത സമാന പ്രമേയത്തെ നൂതന ചലചിത്രവഴിയിലൂടെ ആവിഷകരിക്കാനാണ് സംവിധായകന്‍ ശ്രമിച്ചത്.

ഐനോക്സ് കോമ്പൗണ്ട്

ഇരിപ്പിടങ്ങള്‍ നിറഞ്ഞ സദസ്സിലാണ് ഇരു സിനിമകളും അവയുടെ പ്രഥമ നിനിമകള്‍ മേളയില്‍ പൂര്‍ത്തിയാക്കിയത്. മണിക്കൂര്‍ നീണ്ട വരികള്‍ക്കൊടുവിലാണ്. പ്രേക്ഷകര്‍ക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍ സിനിമയാരംഭിച്ച് അരമണിക്കൂര്‍ തികയുന്നതിന്ന് മുന്നേ അലോസരപെട്ട് തീയ്യേറ്റര്‍ കയ്യൊഴിഞ്ഞവര്‍ നിരവധിയാണ്. ഇങ്ങിനെ, അനവസരത്തില്‍ അവശേഷിക്കുന്നവരെ അസ്വസ്ഥമാക്കി പുറത്തുപോവുന്നവര്‍ അല്പംകൂടി ക്ഷമ കാണിക്കണമെന്ന് ആശിക്കുന്നവര്‍ യഥേഷ്ടമുണ്ട്. സിനിമയുടെ അവസാനവും കൊട്ടയില്‍ ഇതാണ് സംഭവിക്കുന്നത്.

രാജ്യാന്തര ചലചിത്ര മേളയുടെ പ്രധാന വേദിയായ ഐനോക്‌സ് മലയാളി മയമാണ്. സിനിമ പ്രവര്‍ത്തകര്‍, കവികള്‍, കഥാകൃത്തുക്കള്‍, ചിത്രകാരന്മാര്‍ തുടങ്ങിവരുടെ സാന്നിധ്യം തിരുവനന്തപുരം ഐ എഫ് എഫ് കെയുടെ മറ്റൊരു പതിപ്പാണന്ന് തോന്നലുണ്ടാക്കുന്നു. പരസ്പരം കെട്ടിപ്പുണരുന്ന സൗഹൃദങ്ങള്‍ മനോഹര ദൃശ്യമാണ്. ഒരു പക്ഷെ സിനിമയെക്കാളേറെ.