തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തു. 22 വരെയാണ് റിമാന്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് വീണ്ടും ഹാജരാക്കിയപ്പോള്‍ ക്ലിനിക്കലി ഫിറ്റ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്.
പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികള്‍. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുക്കാന്‍ ശ്രമിച്ചു. തടസങ്ങള്‍ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേര്‍ന്ന് അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടന്നത്. ഡിസംബര്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎല്‍എമാരായ ഷാഫി പറമ്പിലും എം വിന്‍സന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി. അനുമതിയില്ലാത്ത സമരം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഇത്രനാള്‍ തിരുവനന്തപുരത്തും ഇന്നലെ കൊല്ലത്തും എല്ലാം കണ്‍മുന്നില്‍ ഉണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് പുലര്‍ച്ചെ വീട് കയറിയത് എന്തിനെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം.