NV ഇബ്രാഹിം മാസ്റ്റർ – ജീവിതം, ദർശനം പുസ്തകപ്രകാശനം

Malappuram

അരീക്കോട് ആസ്ഥാനമാക്കി മലബാറിന്റെ വിദ്യാഭ്യാസ , സാമൂഹിക സാംസ് കാരിക മുന്നേറ്റത്തിന് അടിത്തറ പാകിയ ധിഷണാശാലി NV ഇബ്രാഹിം മാസ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കി പുസ്തകം പുറത്തിറങ്ങുന്നു. കോഴിക്കോട് ഒലിവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘NV ഇബ്രാഹിം മാസ്റ്റർ- ജീവിതം, ദർശനം’ എന്ന പുസ്തകം ഫെബ്രുവരി 24 ശനിയാഴ്ച കാലത്തു പത്തു മണിക്ക് അരീക്കോട് സൺസിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് മുൻ മന്ത്രി ഡോ. എം കെ മുനീർ ആണ് പ്രകാശനം ചെയ്യുന്നത്. ഡോ. ഹുസൈൻ മടവൂർ പുസ്തകം സ്വീകരിക്കും. പി കെ ബഷീർ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ എം എൽ എ യും വാഗ്മിയുമായ അഡ്വ. കെ എൻ എ ഖാദർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ്‌ മെമ്പർ ആർ. എസ്‌.പണിക്കർ , രാഷ്ട്രീയ പാർട്ടി നേതാക്കളായ പി പി സഫറുല്ല , കെ ഭാസ്ക്കരൻ , എ ഡബ്ല്യു അബ്ദുറഹ്‌മാൻ
എന്നിവർ ആശംസ നേരും.

ചടങ്ങിൽ ദീർഘകാലം ഇബ്രാഹീം മാസ്റ്ററുടെ സഹചാരി താലൂക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയായി റിട്ടയർ ചെയ്ത വി ഹംസ സാഹിബിനെ ഇബ്രാഹീം മാസ്റ്ററുടെ മകൻ അമീർ അൻവർ പുസ്തകത്തിന്റെ കോപ്പി നൽകി
ക്കൊണ്ട്‌ ആദരിക്കും.

രണ്ട് പതിറ്റാണ്ട് കാലം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും മൂന്ന് പതിറ്റാണ്ട് കാലം അരീക്കോട് ഓറിയന്റൽ ഹൈസ്‌കൂൾ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച മാസ്റ്റർ, നാടിന്റെ വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കേരള , കോഴിക്കോട് സര്‍വകലാശാല സെനറ്റ്‌ മെമ്പർ , കോഴിക്കോട്‌ സർവ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പർ, ദേശീയ വിദ്യാഭ്യാ
സ ഉപദേശക സമിതിയംഗം, ദേശീയ അധ്യാപക സമിതി ഉപദേശക സമിതി അംഗം, വിവിധ വിദ്യാഭ്യാസ നയരൂപീകരണ സമിതികളിൽ അംഗത്വം, സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ ആസൂത്രകൻ , മാനേജർ , ഇ എം ഇ എ കോളേജിന്റെ പ്രഥമ എഡ്യുക്കേഷൻ സെക്രട്ടറി തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ്‌ ജേതാവായ അദ്ദേഹം മലപ്പുറം ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍, മലപ്പുറം ജില്ലാ സ്‌കൗട്ട് കമ്മീഷണര്‍, മഞ്ചേരി ബി ഡി സി ചെര്‍മാൻ എന്നീ നിലകളിലും തന്റെ മികവ് തെളിയിച്ചു.”എന്റെ വിശ്വസ്തനായ വഴികാട്ടി” എന്ന് സി എച്ച്‌ മുഹമ്മദ്‌ കോയ വിശേഷിപ്പിച്ച അദ്ദേഹം മുസ്‌ലിം ലീഗ്‌ വിദ്യാഭ്യാസ മന്ത്രിമാരായ സി എച്ച്‌ , ചാക്കീരി അഹ്‌മദ്‌ കുട്ടി ,ഇ ടി മുഹമ്മദ്‌ ബഷീർ തുടങ്ങിയവരുടെ വിദ്യാഭ്യാസ ഉപദേശകനായിരുന്നു.

ഇബ്രാഹിം മാസ്റ്ററുടെ നാമധേയത്തിൽ എല്ലാ വർഷവും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്ക് നൽകിവരുന്ന സ്വർണ്ണനാണയവും ക്യാഷ് അവാർഡും ഫലകവും ചടങ്ങിൽ വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് ക്വിസ്സ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ ആണ് പരിപാടിയുടെ സംഘാടകർ.

പത്രസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി പി അബ്ദുൽ ഹഖ്, ജനറൽ കൺവീനർ കെ ടി മുനീബു റഹ്മാൻ, റിസപ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ എൻ വി സുആദ, പ്രസ്സ് & മീഡിയ കൺവീനർ എ നൂറുദ്ധീൻ, ഡോക്ടർ എൻ ലബീദ്, നവാസ് ചീമാടൻ തുടങ്ങിയവർ സംബന്ധിച്ചു.