ദഫ് മുട്ട് അവതരിപ്പിച്ച മലയാളി പെണ്‍കുട്ടികള്‍ വണ്ടര്‍ബുക്ക് വേള്‍ഡ് റെക്കോര്‍ഡിന്‍റെ ഭാഗമായി

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ നേതൃത്വം കൊടുക്കുന്ന കേരളത്തിലെ കലാ കൂട്ടായ്മയായ ഫോക് ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറത്തിലെ പെണ്‍കുട്ടികള്‍ വണ്ടര്‍ബുക്ക് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതിയില്‍ ഭാഗഭാക്കായി.

ആന്ധ്രപ്രദേശിലെ കര്‍ണ്ണൂലില്‍ ഏപ്രില്‍ 28, 29, 30 തിയ്യതികളില്‍ നൃത്തജ്യോതി എന്ന കലാകൂട്ടായ്മയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡാന്‍സ് ഫെസ്റ്റിവലാണ് ബഹുമതിക്കര്‍ഹമായത്. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 300ലേറെ കലാകൃത്തുക്കള്‍ ഒരേ സമയം 20ല്‍പരം വൈവിധ്യമുള്ള കലകള്‍ അവതരിപ്പിച്ചാണ് വണ്ടര്‍ബുക്ക് വേള്‍ഡ് റെക്കോര്‍ഡിനര്‍ഹത നേടിയത്. ഫോക് ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ കലാകാരികളായ വനിതകള്‍ ദഫ്മുട്ടാണ് അവതരിപ്പിച്ചത്. മുജീബ് പാടൂര്‍ നേതൃത്വം കൊടുക്കുന്ന സംഘത്തില്‍ റഹീന കൊളത്തറ സി, നിഹാ ഫാത്തിമ പി.വി., റിഫാനത്തുല്‍ ആമിന എന്‍.കെ., ഷംന ഷെറിന്‍ കെ., അസ്ഹ ഫാത്തിമ കെ., ഇന്‍ഷ ഫാത്തിമ പി.കെ., റൈസ സാലിഹ് സി, ഷിദ ഫാത്തിമ കെ. എന്നിവരാണ് ദഫ്മുട്ട് അവതരിപ്പിച്ചത്. സംഘത്തിലെ കലാകാരികള്‍ക്ക് മെയ് 11ന് വൈദ്യര്‍ മഹോത്സവം 2023ന്റെ ഉദ്ഘാടന ദിവസം അക്കാദമി ആദരവ് സമര്‍പ്പിക്കും. സംഘം അന്ന് മഹോത്സവത്തില്‍ വനിതകളുടെ ദഫ്മുട്ട്, ഒപ്പന തുടങ്ങിയവ അവതരിപ്പിക്കും.