കേരള സർക്കാർ ബാങ്കുകൾക്ക് മുന്നിൽ നോക്കുകുത്തി: സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

Eranakulam

എറണാകുളം: ഇരുമ്പനത്തെ സിഐടിയു തൊഴിലാളിയായ സുരേന്ദ്രന്റെ കിടപ്പാടം തൃപ്പുണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ജപ്തി ചെയ്തിരിക്കുകയാണ്. കേരള സർക്കാർ പാസാക്കിയ ജപ്തി വിരുദ്ധ ബിൽ കൊണ്ട് ആർക്കാണ് പ്രയോജനം? കേരള സർക്കാർ ബാങ്കുകൾക്ക് മുന്നിൽ നോക്കുകുത്തിയായി മാറിയിരിക്കുന്നു.

ഇത്തരം ജപ്തി നടപടികൾക്കെതിരെ ഒക്ടോബർ 14 തിങ്കളാഴ്ച, തൃപ്പൂണിത്തറ ബസ്സ് സ്റ്റാൻഡിൽ നിന്നും പ്രതിഷേധ ജാഥയും പീപ്പിൾസ് അർബൻ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണയും സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന ചെയർ പേഴ്സൺ അഡ്വ പി എ പൗരൻ ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ മാസമാണ് പീപ്പിൾസ് അർബൻ ബാങ്ക് സുരേന്ദ്രന്റെ നാലര സെന്റ് കിടപ്പാടം ജപ്തി ചെയ്തത്. സുരേന്ദ്രൻ തന്റെ മകളുടെ ഭർത്താവിന്റെ ചികിത്സയ്ക്കുവേണ്ടി എടുത്ത 5 ലക്ഷം രൂപ വായ്പയിൽ മൂന്നര ലക്ഷം രൂപ അടച്ചു.

ഇനി ഒന്നരലക്ഷം രൂപ മാത്രമാണ് അദ്ദേഹം അടയ്ക്കാൻ ഉള്ളത്.
ഈ ഒന്നര ലക്ഷം രൂപയ്ക്ക് ബാങ്കിന്റെ കണക്കനുസരിച്ച് പലതരത്തിലുള്ള പിഴകൾ ചുമത്തി പലിശകൾ കൂട്ടി ഏകദേശം 5 ലക്ഷം രൂപയുടെ അടുത്ത് എത്തി എന്നാണ് ബാങ്ക് അധികൃതരുടെ ഭാഷ്യം.

സുരേന്ദ്രന്റെ മകളുടെ ഭർത്താവ് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നടന്ന ഓപ്പറേഷൻ കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം മരണപ്പെടുന്നത്.
കോവിഡ് കാലവും പിന്നീടുള്ള ഉണ്ടായ സാമ്പത്തിക സമ്മർദ്ദം കാരണം അദ്ദേഹത്തിന് കൃത്യമായി ബാങ്കിൽ പണം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

ഇതിനെ തുടർന്നാണ് ബാങ്ക്കാർ ഒരു മനുഷ്യത്വവും ഇല്ലാതെ സുരേന്ദ്രന്റെ വീട് ജപ്തിചെയ്ത് അദ്ദേഹത്തെ തെരുവിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. സുരേന്ദ്രന്റെ മകളുടെ അവസ്ഥയാണെങ്കിൽ ഭർത്താവ് മരിച്ചതിനുശേഷം അവർ മാനസിക സമ്മർദ്ദത്തിലാണ്.

ബാങ്ക് സുരേന്ദ്രനെയും കുടുംബത്തെയും ജപ്തി ചെയ്ത വീട്ടിലേക്ക് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം തിരിച്ചു കയറ്റുകയുണ്ടായി.

ഇതേ തുടർന്ന് സുരേന്ദ്രനെ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ മേൽ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം വിട്ടയക്കുകയും ചെയ്തു.

പക്ഷേ, സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ കൺവീനർ പിജെ മാനുവലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റം ചുമത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ കാക്കനാട് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

കേരള പോലീസ് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിലെ പ്രവർത്തകർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

ദരിദ്ര- ദളിത്‌ കുടുംബങ്ങളെ ജപ്തിചെയ്ത് തെരുവിലറിയുന്ന കേരള സർക്കാരിന്റെ നടപടിക്കെതിരെയും കേന്ദ്രസർക്കാരിന്റെ നിയമമായ സർഫാസി നിയമത്തിനെതിരെയും പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണിത്. ഈ പ്രസ്ഥാനത്തെ തകർക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടിയാണ് ഭരണകൂടം പി ജെ മാനുവലിനെ ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നത്.

കേരള സർക്കാർ പാസാക്കിയ ജപ്തി വിരുദ്ധ ബില്ലിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കാലമാണിത്. കേരളത്തിൽ ഒരാളുടെയും കിടപ്പാടംജപ്തി ചെയ്യില്ല എന്നും ആരും തെരുവിലേക്ക് വലിച്ചെറിയപ്പെടില്ല എന്നും അവർ അവകാശപ്പെടുന്നു. ഈ വേളയിലാണ് ദളിതനും സിഐടിയു തൊഴിലാളിയുമായ സുരേന്ദ്രന്റെ കിടപ്പാടം ജപ്തി ചെയ്തു അദ്ദേഹത്തെയും കുടുംബത്തെയും തെരുവിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്.

അതുമാത്രമല്ല ജപ്തിക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നതിന് വേണ്ടിയുള്ള നടപടികളുമായി മുൻപോട്ട് പോവുകയാണ് കേരള സർക്കാർ. ഇത് കേരള സർക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ്.