കൊച്ചി; സാങ്കേതിക വിദ്യയിലേയും, സൈബര്‍ സുരക്ഷയിലേയും ലോകത്തിലെ നൂതന ആശയങ്ങള്‍ രാജ്യത്ത് വേഗത്തില്‍ പരിചയപ്പെടുത്താനായി എല്ലാ വര്‍ഷവും കേരള പോലീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ കൊക്കൂണിന്റെ പതിനാറാം എഡിഷനില്‍ ഇത്തവണ പറക്കും മനുഷ്യനും എത്തും. ലോക സാങ്കേതിക വിദ്യയുടെ അത്ഭുതമായ വളര്‍ച്ചയെ പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ അടക്കം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യു കെയിലെ ഗ്രാവിറ്റി ഇന്‍ഡസ്ട്രിയല്‍ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ട് കൊക്കൂണില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനും, സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയില്‍ 2017 ല്‍ ആണ് ഗ്രാവിറ്റി ഇന്‍ഡസ്ട്രിയല്‍ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിയ്ക്കൂറില്‍ 80 മൈല്‍ വരെ വേഗത്തില്‍ ഇതില്‍ പറക്കാനാകും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കും മനസിലാക്കുന്നതിന് വേണ്ടിയാണ് കൊക്കൂണ്‍ 16 മത് എഡിഷന്റെ ഉദ്ഘാടന ദിനമായ ഒക്ടോബര്‍ 6 ന് ഇത് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
രാജ്യത്തെ ഇത്തരത്തിലുള്ള നവീന ആശയങ്ങള്‍ക്കും, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നവീന സംരംഭങ്ങള്‍ കൊക്കൂണ്‍ വേദിയില്‍ എത്തിക്കുന്നതെന്നും, നമ്മുടെ നാട്ടിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നും കൊക്കൂണ്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ മനോജ് എബ്രഹാം ഐ പി എസ് അറിയിച്ചു. സ്റ്റാര്‍ട്ട് അപ്പ് നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ക്കുന്ന സിന്തെറ്റ് കമ്പനിയാണ് ഇത് കൊക്കൂണില്‍ അവതരിപ്പിക്കുന്നത്.