ആനകള്‍ ഇടഞ്ഞ ദുരന്തത്തിൽ മരണം മൂന്നായി

Kozhikode

കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനെത്തിച്ച രണ്ട് ആനകള്‍ ഇടഞ്ഞ ദുരന്തത്തിൽ മരണം മൂന്നായി.
കെട്ടിടം തകർന്ന് ആണ് മൂന്നു പേർക്ക് ദാരുണാന്ത്യമുണ്ടായത്. 31ഓളം പേർക്ക് പരുക്കുണ്ട്. ഇതിൽ ഏഴോളം പേർ ഗുരുതരാവസ്ഥയിലാണ്.

ഇടഞ്ഞതിനെ തുടര്‍ന്ന് ആന ഓടുന്നതിനിടെ തൊട്ടടുത്തെ ഓടിട്ട കെട്ടിടം തകരുകയായിരുന്നു. ഇതിനടിയിൽപ്പെട്ടാണ് മൂന്നു പേർ മരിച്ചത്. ഈ കെട്ടിടത്തിൻ്റെ മേൽക്കൂര ഒന്നാകെ തകർന്നു വീഴുകയായിരുന്നു. കുറുവങ്ങാട് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ലീല (85), അമ്മുക്കുട്ടി അമ്മ (78), രാജൻ (66) എന്നിവരാണ് മരിച്ചത്. ഉഗ്രശബ്ദത്തിൽ കരിമരുന്ന് വെടിക്കെട്ട് കേട്ടതോടെയാണ് ആന അസ്വസ്ഥയായതെന്ന് പരിസരവാസികൾ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ പീതാംബരൻ, ഗോകുൽ എന്നീ ആനകൾ ആണ് ഇടഞ്ഞത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്തടുത്ത് നിന്ന രണ്ട് ആനകളിൽ ഒന്ന് ഇടഞ്ഞ് മറ്റേതിനെ കുത്തുകയായിരുന്നു. ഇതോടെ പരസ്പരം കുത്തുണ്ടാക്കുകയും വിരണ്ടോടുകയുമായിരുന്നു. പാപ്പാന്‍മാര്‍ പണിപ്പെട്ട് മുക്കാൽ മണിക്കൂറിനു ശേഷം തളക്കുകയായിരുന്നു. നേരത്തെ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച അമ്പാടി ബാലൻ എന്ന ആനയെ മടക്കി അയച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രി, സ്വകാര്യ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളെജ് എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിന് സമീപത്തുള്ള ദേവസ്വം ബോർഡിൻ്റെ ഓടിട്ട കെട്ടിടമാണ് തകർന്നത്.
പരുക്കേറ്റവരിൽ കൂടുതൽ സ്ത്രീകളാണ്.