തൃശൂർ: അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേരളത്തിന്റെ ഉത്സവം എന്നതിനൊപ്പം തൃശൂരിൽ എത്തുന്ന കലാസ്വാദകർക്ക് മികച്ച ഓർമകൾ സമ്മാനിക്കുന്ന നാടിന്റെ ഉത്സവം കൂടിയാണ് ഇറ്റ്ഫോക് എന്ന് ജില്ലാ കലക്ടർ അർജുൻ പാന്ധ്യൻ ഐ എ എസ്. പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി അഡ്വ. പ്രേംപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വയനാട് ഉരുൾപ്പൊട്ടൽ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ വഴി ഇറ്റ്ഫോക് നടത്തിപ്പ് സംബന്ധിച്ചുണ്ടായ ആശങ്കകൾ മറികടന്നാണ് ഇത്തവണ നാടകോത്സവം . കൂടാതെ ഇറാഖ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ യാത്ര സംബന്ധിച്ച തടസങ്ങൾ നീങ്ങി കിട്ടുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്നും കരിവെള്ളൂർ മുരളി പറഞ്ഞു. ഇറ്റ്ഫോക്കിന് മുന്നോടിയായി നാടകങ്ങളുടെ പരിശീലനത്തിനായി രംഗസ്ഥലം എന്ന പേരിൽ വേദിയൊരുക്കിയിട്ടുണ്ട്. കൂടാതെ കലാകാരന്മാർക്ക് താമസത്തിനായി ചുരുങ്ങിയ ചിലവിൽ ഡോർമെറ്ററികളും മുറികളും അക്കാദമി സജ്ജയെരിച്ചിട്ടുണ്ട്.
23ന് വൈകിട്ട് 4.30ന് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമതാരം നാസർ അതിഥിയാവും.അക്കാദമിയിൽ കലാകാരന്മാർക്കായി നിർമ്മിക്കുന്ന രംഗകലാമ്യൂസിയത്തിന്റെ ശിലാസ്ഥാപനവും, പുനർനിർമ്മാണം പൂർത്തിയാക്കിയ കാന്റീൻ കഫെ കുടുംബശ്രീ, ആർട്ടിസ്റ്റുകൾക്കുള്ള ഗസ്റ്റ് ഹൗസ് എന്നിവയുടെ ഉദ്ഘാടനവും നടക്കും. ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, ജില്ലാ കളക്ടർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, തൃശ്ശൂരിലെ വിവിധ അക്കാദമികളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി, ചെമ്പുക്കാവ് ഡിവിഷൻ കൗൺസിലർ റെജി ജോയ്, അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം ബി ശുഭ എന്നിവരും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ മുഖ്യ രക്ഷധികാരികളായ സംഘാടക സമിതിയിൽ ജില്ലാ കലക്ടർ അർജുൻ പാന്ധ്യൻ ഐ എ എസ് ചെയർമാനാണ്.