പ്രക്ഷോഭം ഫലം കാണുന്നില്ല; ഐസിക്കെതിരായ സമരം ഈസിയല്ലെന്ന തിരിച്ചറിവില്‍ സി പി എം

Politics

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയനും മകനും വിഷം അകത്തുചെന്ന് മരിച്ച സംഭവത്തെ കുറിച്ചും ഒപ്പം വിജയന്റെ മരണ കുറിപ്പ് എന്ന കത്തും ആയുധമാക്കി സി പി എം ആരംഭിച്ച പ്രക്ഷോഭം പ്രതീക്ഷിച്ച ഫലം കാണാതെ പോകുന്നു. പ്രധാനമായും യു ഡി എഫിന്റെ അഭിമാന മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയിലെ എം എല്‍ എ ആയ ഐ സി ബാലകൃഷ്ണനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള സി പി എമ്മിന്റെ നീക്കം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് മാത്രമല്ല പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകുന്നു എന്നാണ് ഒടുവിലത്തെ വിലയിരുത്തല്‍.

ബത്തേരിയില്‍ നിന്നും തുടങ്ങിയ സി പി എം പ്രതിഷേധം പിന്നീട് വയനാട് ജില്ലയില്‍ ആകെയും അതിന് ശേഷം സംസ്ഥാന തലത്തിലും വ്യാപിപ്പിച്ച് കോണ്‍ഗ്രസിനേയും യു ഡി എഫിനേയും പ്രതികൂട്ടിലാക്കാനായിരുന്നു സി പി എം തന്ത്രം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം ഈ കാര്യം എടുത്തുപറഞ്ഞത് ഇതിന്റെ ഭാഗമായിരുന്നു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എക്ക് മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളായ എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും അടക്കമുള്ളവര്‍ക്ക് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ, ഐ സി ബാലകൃഷ്ണനെ തെരുവില്‍ തടയുക എന്ന സമരമുറക്കാണ് സി പി എം ജില്ലാ നേതൃത്വം കോപ്പുകൂട്ടിയത്. അതിന്റെ ഭാഗമായി എം എല്‍ എയെ ചുള്ളിയോട് വെച്ച് വഴിയില്‍ തടയുകയും ചെയ്തു. ഐ സി ബാലകൃഷ്ണന്റെ സുരക്ഷ ചുമതലയുള്ള പൊലീസുകാരനെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതും വിവാദമായി. പ്രാദേശിക നേതാകളടക്കം കേസില്‍ പ്രതികളായതല്ലാതെ ഈ സംഭവം ഒരു ചലനവും സൃഷ്ടിച്ചില്ല എന്ന പാര്‍ട്ടി വിലയിരുത്തലിന്റെ ഭാഗമായി, ഇപ്പോള്‍ താഴെ തട്ടില്‍ ഐസിക്കെതിരെ കുറ്റവിചാരണ നടത്തുകയാണ് സി പി എം.

സംസ്ഥാന തലത്തില്‍ ബത്തേരി സംഭവം കോണ്‍ഗ്രസിനെതിരെ ആയുധമാക്കി എന്‍ എം വിജയന്റെ കുടുംബത്തെ പരസ്യമായി രംഗത്തിറക്കാനായിരുന്നു ആദ്യ നീക്കം. ഇത് പരാജയപ്പെട്ടതോടെ ചില ശുപാര്‍ശ കത്തുകള്‍ പുറത്തുവിട്ടെങ്കിലും അതും ഏശിയില്ലെന്നാണ് പാര്‍ട്ടിയുടെ തന്നെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാവ് മകന് വിഷം നല്‍കി ജീവനൊടുക്കിയ സംഭവം വലിയ തോതില്‍ ആളികത്തിച്ച് എം എല്‍ എയെ രാജിവെപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുമ്പോഴാണ് സിനിമ നടനും സി പി എം എം എല്‍ എയുമായ മുകേഷ് സ്ത്രീ പീഡന കേസില്‍ പ്രതിയാകുന്നത്. ഈ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. അതിന് പുറമെ ഒരു വനിത എം എല്‍ എയുടെ മകന്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട വിവാദവും സി പി എമ്മിനെ തിരിച്ചടിയായി. അതിനിടെ ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യയെ എങ്ങിനെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്ന കാര്യത്തില്‍ സി പി എം പ്രതിസന്ധിയിലായി. ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ടയാളെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും മഹിള സംഘടനയും പാര്‍ട്ടിയും വെറുതെ വിടുമ്പോള്‍ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യം വെള്ളത്തില്‍ വരച്ച വര പോലെ ആയി എന്നാണ് വയനാട്ടിലെ ഒരു സി പി എം നേതാവിന്റെ പ്രതികരണം. ബത്തേരി എം എല്‍ എക്കെതിരായ പടയൊരുക്കത്തില്‍ ജില്ലയിലെ ഘടകകക്ഷികള്‍ മുഖം തിരിച്ചതും സി പി എമ്മിനെ വെട്ടിലാക്കി. ബത്തേരിയില്‍ നടത്തിയ മനുഷ്യ ചങ്ങലയില്‍ പോലും ജനപങ്കാളിത്തം ശുഷ്‌കമായതും പാര്‍ട്ടിയല്‍ ചര്‍ച്ചയായി.

മുകേഷ് എം എല്‍ എയുടെ രാജി ആവശ്യപ്പെടാത്ത സി പി എം എങ്ങിനെ സമരം നയിക്കുമെന്ന ചോദ്യം ഇപ്പോള്‍ പ്രബലമാണ്. പി ഗഗാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി പുതിയ നേതൃത്വം വന്നതിന് പിന്നാലെ വീണുകിട്ടിയ എന്‍ എം വിജയന്റെ ആത്മഹത്യ വാസ്തവത്തില്‍ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്കായില്ല.

സി പി എമ്മിന്റെ പടയൊരുക്കത്തിന് മുന്നില്‍ ആദ്യമൊക്കെ അന്തിച്ചുനില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ശക്തമായ ഒരു പ്രതികരണം ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ആ സമയം മുസ്‌ലിം ലീഗിന്റെ തന്ത്രപരമായ ഇടപെടലാണ് കോണ്‍ഗ്രസിന് ജീവന്‍ നല്‍കിയതെന്ന് ഇപ്പോള്‍ യു ഡി എഫില്‍ ചര്‍ച്ചയാണ്. ബത്തേരിയല്‍ സി പി എം നേതാവ് സി കെ സഹദേവന്‍ സ്‌കൂട്ടര്‍ യാത്രക്കിടെ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിന്റെ ദുരൂഹത കുത്തിപൊക്കിയാണ് മുസ്‌ലിം ലീഗ് എന്‍ എം വിജയന്റെ ആത്മഹത്യ വിവാദത്തെ പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക് വഴി തിരിച്ചുവിട്ടത്. ഇത് ബത്തേരിയില്‍ സി പി എം ലീഗ് നേതാക്കളുടെ തന്തക്ക് വിളിയില്‍ കാലാശിച്ചതും സംഘര്‍ഷ സാധ്യത ഉടലെടുത്തതും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുസ്‌ലിം ലീഗിന്റെ ഇടപെടല്‍ കോണ്‍ഗ്രസിന് ജീവവായുവാണ് നല്‍കിയത്. പട്ടിക വര്‍ഗ്ഗ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണനെതിരായ സി പി എം നീക്കം ഗോത്ര സമൂഹത്തിലും ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യയില്‍ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി പി എം ശ്രമം ഒരു പരിധിക്ക് അപ്പുറത്തേക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുകേഷ് സംഭവത്തോടെ ബത്തേരി എം എല്‍ എയുടെ രാജി എന്ന ആവശ്യം ഉപേക്ഷിച്ച സി പി എം സംസ്ഥാന നേതൃത്വം ബത്തേരിയിലെ വിവാദം വയനാട് നേതൃത്വം നോക്കിയാല്‍ മതി എന്ന നിലപാടിലാണ് ഇപ്പോള്‍. ജില്ലാ നേതൃത്വം പലവട്ടം ബത്തേരി സംഭവം വിലയിരുത്തിയെങ്കിലും പ്രതീക്ഷിച്ച രാഷ്ട്രീയ ലാഭം കൊയ്യാനായിട്ടില്ല. അതിനിടെ പനമരം പഞ്ചായത്തിലെ ഭരണ മാറ്റവും രാഷ്ട്രീയ സംഭവ വികാസങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ബത്തേരിയിലും പനമരത്തും പാര്‍ട്ടിയില്‍ ഒരു വിഭാഗം നടത്തിയ എടുത്തുചാട്ടത്തിനെതിരെ മറു വിഭാഗം തന്നെ രംഗത്തുണ്ട്.