ലഹരി വ്യാപനം; നിയമം കർശനമാക്കണം: എം.ജി.എം

Kannur

കണ്ണൂർ: മദ്യാസക്തിയും ലഹരി വസ്തുക്കളുടെ വ്യാപനവും ആക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നും ലഹരിവസ്തുക്കളുടെ വിതരണവും ഉപയോഗവും തടയാൻ നിലവിലെ നിയമം അപര്യാപ്തമെന്നും ശക്തമായ നിയമനിർമ്മാണം ഉണ്ടാകണമെന്നും എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ് ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സർക്കാർ തന്നെ മദ്യ വ്യാപാര ശൃംഗല കൾ സൃഷ്ടിച്ച് മദ്യപന്മാരെ കൂട്ടുകയാണെന്നും സമ്മേളനം ആരോപിച്ചു.

സ്ത്രീകൾക്ക് യാത്രയും ജോലിയും ചെയ്യാനും സാമൂഹ്യ സേവനങ്ങളിൽ ഏർപ്പാടാനും ഇസ്ലാമിൽ നിരോധനമില്ല. എന്നിട്ടും സ്ത്രീകൾ പുറത്തിറങ്ങുന്നതിനെ പരിഹസിങ്ങുന്നതിൽ നിന്നും ഇസ്ലാമിക അധ്യാപനങ്ങളെക്കുറിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്നും പൗരോഹിത്യം പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങളടെ വൈകല്യങ്ങൾക്ക് ഇരയാക്കപ്പെടുന്നത് കൂടുതലും സ്ത്രീകളാണെന്നും സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.അന്ധവിശ്വാസ നിർമ്മാർജന നിയമം ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

‘കരുത്താകണം വിശ്വാസം നിർഭയമാകണം’ സമുഹം എന്ന പ്രമേയത്തിൽ നടന്നുവരുന്ന ദ്വൈമാസ കാംപയിൻഭാഗമായി നടന്ന സമ്മേളനം കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ലാ പ്രസിഡൻ്റ് കെ.ശബീന അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിഷ മുഖ്യ പ്രഭാഷണം നടത്തി.ഡോ.രോഷ്ന ശുക്കൂർ ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ വിഷയത്തിൽ ക്ലാസ്സെടുത്തു.യുവകർഷകയും സ്ത്രീ സംരംഭക യുമായ സി.ഷംന അഴിക്കോടിനെ ആദരിച്ചു.ജില്ലാ സെക്രട്ടറി ഷഫീന ശുക്കൂർ, ട്രഷറർ കെ.പി.ഹസീന, സമീറ കരിയാട് എന്നിവർ പ്രസംഗിച്ചു.