കോഴിക്കോട്: കേരളത്തിൽ ലഹരി ഉപയോഗവും അതുമൂലമുള്ള അക്രമങ്ങളും അപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ലഹരിക്കെതിരെയുള്ള ജനകീയ പ്രതിരോധം ശക്തമാക്കണമെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു.
നിലവിലുള്ള സർക്കാർ സംവിധാനങ്ങളോടൊപ്പം മത,രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക സംഘടനകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ലഹരിയെന്ന മഹാ വിപത്തിനെതിരെ പ്രതിരോധം തീർക്കാൻ സർക്കാർ തയ്യാറാകണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. അക്രമ വാസനയുള്ള സിനിമകളും ഗെയിമുകളും കുട്ടികളുടെ മാനസികാവസ്ഥയെ മോശമായ രീതിയിൽ സ്വാധീനിക്കുകയും, അത് മൂലം സമൂഹത്തിന്റെ സ്വസ്ഥ ജീവിതത്തെപോലും താറുമാറാക്കുന്ന അവസ്ഥ വർധിച്ചു വരുന്ന സാഹചര്യത്തെ നിസ്സാരമായി കാണരുതെന്നും ഐ.എസ്.എം അഭിപ്രായപ്പെട്ടു.
സൗഹൃദ ഇഫ്താർ സംഗമം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. പി.കെ സകരിയ്യ സ്വലാഹി തസ്കിയ്യത് സെഷന് നേതൃത്വം നൽകി. സി.മരക്കാരുട്ടി, ബബിൻ രാജ്, ടി.പി.എം സാദിഖ്, നബീൽ കൊടിയത്തൂർ, റിയാസ് കെ.എം.ആർ, അബ്ദുൽ സലാം, ഹാഫിസ് റഹ്‌മാൻ മദനി, സെയ്തു മുഹമ്മദ് കുരുവട്ടൂർ, റഹ്മത്തുള്ള സ്വലാഹി, അഫ്‌സൽ പട്ടേൽത്താഴം, അസ്‌ലം എം.ജി നഗർ, മുജീബ് പൊറ്റമ്മൽ, ജുനൈസ് സ്വലാഹി, ഷബീർ മായനാട്, അസ്ഹർ അത്തോളി എന്നിവർ പ്രസംഗിച്ചു.