വർഗ്ഗീയ പ്രചാരകർക്കെതിരെ കർശന നടപടി സ്വീകരിക്കണം: കേരള ജംഇയ്യത്തുൽ ഉലമ

Kozhikode

കോഴിക്കോട്: ഉത്തരേന്ത്യക്ക് സമാനമായി കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്താനുള്ള സംഘ പരിവാർ ശ്രമത്തെ കരുതിയിരിക്കണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ ആഹ്വാനം ചെയ്തു. രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ സംഘങ്ങളും നീതി പീഠവും തള്ളിപ്പറഞ്ഞ ലവ് ജിഹാദ് വിഷയം വീണ്ടും ഉയർത്തിക്കൊണ്ട് വരാൻ ചിലർ ശ്രമിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ്. ജനാധിപത്യ മതേതര ചേരിയിൽ നിന്ന് ഫാസിസ്റ്റ് സംഘടനകളിലേക്ക് കൂറുമാറിയാൽ സംഭവിക്കുന്ന അപചയത്തിന്റെ ഉദാഹരണമാണ് ഇത്തരം പ്രസ്താവനകൾ. നുണകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വർഗ്ഗീയ പ്രസ്താവനകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത് പ്രകോപനവും ധ്രുവീകരണവും സൃഷ്ടിക്കാനാണ്.

ലവ് ജിഹാദ്, മത പരിവർത്തനം പോലുള്ള വിഷയങ്ങളിൽ സ്വയം പ്രതിക്കൂട്ടിൽ നിൽക്കുന്നവരാണ് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്നതെന്നത് പരിഹാസ്യമാണ്. കേരളത്തിന്റെ സാമൂഹ്യന്തരീക്ഷത്തിന് ഭീഷണിയായ വർഗ്ഗീയ വാദികളെ തള്ളിപ്പറയുന്നതിന് പകരം ന്യായീകരിക്കാൻ ശ്രമിക്കുന്നത് മത സാംസ്കാരിക സംഘടനകൾക്ക് ചേർന്നതല്ല. ലഹരി അടക്കമുള്ള സാമൂഹ്യ വിപത്തുകളെ ഒന്നിച്ച് നേരിട്ടാണ് നാം പ്രതിരോധിച്ചത് അതിൽപോലും വർഗീയത കാണാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.

ഇല്ലാത്ത കണക്കുകളുദ്ധരിച്ച് നുണ പ്രചരിപ്പിക്കുന്ന രീതി കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുകയാണ്. മദ്രസാധ്യാപകരുടെ ശമ്പളം, ക്ഷേമനിധി, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ യഥാർത്ഥ വസ്തുത വിശദീകരിക്കേണ്ടത് ഗവണ്മെന്റാണ്. നുണ പ്രചരിപ്പിക്കപ്പെടുകയും അതിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ പ്രകടമാവുകയും ചെയ്യുന്നതിന് മുമ്പ് തന്നെ നിജസ്ഥിതി എന്തെന്ന് സർക്കാർ വ്യക്തമാക്കണം. പൊതുപ്രവർത്തകരെന്ന ലേബൽ ഉപയോഗിച്ചുകൊണ്ട് വർഗീയ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ ജെ യു നിർവാഹക സമിതി ആവശ്യപ്പെട്ടു.

ഈസ മദനി, പ്രൊഫ.എൻ വി സകരിയ്യ, പി പി മുഹമ്മദ്‌ മദനി, എം ടി അബ്ദുസ്സമദ് സുല്ലമി, സലീം സുല്ലമി, ഡോ മുഹമ്മദലി അൻസാരി, പ്രൊഫ. മായിൻ കുട്ടി സുല്ലമി, എം എം നദ്‌വി മുഹ്‌യിദ്ദീൻ മദീനി, അബ്ദുറഹ്‌മാൻ മദനി പാലത്ത്, സലാഹുദ്ധീൻ മദനി തുടങ്ങിയവർ സംസാരിച്ചു.