കല്പറ്റ: രാജ്യത്ത് രൂക്ഷമായ വന്യജീവി ആക്രമണം സംബന്ധിച്ച് വിശദവും ശാസ്ത്രീയവുമായ പഠനം നടത്തുന്നതിൻ്റെ ഭാഗമായി ഡൽഹി ആസ്ഥാനമായ പി.സുന്ദരയ്യ ട്രസ്റ്റും കേരള കർഷക സംഘവും ചേർന്ന് മാർച്ച് 25, 26 തീയ്യതികളിൽ കൽപ്പറ്റയിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നു.
വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങളുടെ യഥാർത്ഥത്തിലുള്ള സ്ഥിതിവിവരങ്ങൾ ശേഖരിക്കൽ, കാരണങ്ങൾ കണ്ടെത്തൽ, ശാസ്ത്രീയ പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കൽ, ഇതിനെ ആസ്പദമാക്കി നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾ ഏറ്റെടുക്കൽ തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ശിൽപ്പശാല നടത്തുന്നത്.
ദേശീയ തലത്തിലുള്ള ശാസ്ത്ര സാങ്കേതിക- അക്കാദമിക് വിദഗ്ധരും കിസാൻ സഭയുടെ അഖിലേന്ത്യാ നേതാക്കളും പങ്കെടുക്കുന്ന ശിൽപ്പശാലയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.
സിപിഐ (എം) ജില്ലാ സെക്രട്ടറി റഫീഖ് ഉദ്ഘാടനം ചെയ്തു. എ.വി ജയൻ അധ്യക്ഷനായിരുന്നു. പി കെ. സുരേഷ്, സുരേഷ് താളൂർ, വി.ഹാരിസ്, പി.കെ. അബു എന്നിവർ സംസാരിച്ചു. സി ജി പ്രത്യുഷ് സ്വാഗതവും കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ റഫീഖ് (ചെയർമാൻ) സി. ജി. പ്രത്യുഷ് (കൺവീനർ) വി. ഹാരിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.