പെരുന്നാൾ ഖുതുബയിൽ മദ്യത്തിനും മറ്റു ലഹരി വസ്തുക്കൾക്കുമെതിരിൽ പ്രതിജ്ഞയെടുക്കണം: ഡോ. ഹുസൈൻ മടവൂർ

Kerala

കോഴിക്കോട് : പെരുന്നാൾ സുദിനത്തിൽ ആയിരക്കണക്കിന്ന് ആളുകൾ ഒരുമിച്ച് കൂടുന്ന ഈദ് ഗാഹുകളിലും പള്ളികളിലും നടക്കുന്ന ഖുതുബാ പ്രഭാഷണങ്ങളിൽ മദ്യത്തിന്നും മറ്റു ലഹരി വസ്തുക്കൾക്കുമെതിരിൽ ശക്തമായ ബോധവൽക്കരണം നടത്തുകയും ബഹുജനങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യണമെന്ന് പ്രമുഖ മുസ്ലിം പണ്ഡിതനും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു. റംസാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് ഖുതുബാ പ്രഭാഷണത്തിൽ ഇക്കാര്യം ഉണർത്തണം.

സമകാലിക കേരളീയ സമൂഹം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഗൗരവമേറിയ വിഷയമാണ് ലഹരിയെന്നും അതിന്നെതിരിൽ പ്രവർത്തിക്കാൻ ആരാധനാലയങ്ങൾക്കും മതനേതാക്കൾക്കും ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ലഹരി വ്യാപനത്തിന്നെതിരിൽ സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത് സ്വാഗതാർമാണ്.

എന്നാൽ മനുഷ്യനെ കാർന്ന് തിന്നുന്ന മദ്യം വ്യാപകമാക്കുന്ന സർക്കാർ നയം പ്രതിഷേധാർഹമാണ്. മദ്യവും വിദേശമദ്യവും ലഹരി തന്നെയാണ്. അതിനാൽ ലഹരിവ്യാപനം തടയാൻ ആദ്യം മദ്യം നിരോധിക്കുകയാണ് വേണ്ടത്.
മദ്യ വ്യാപനം തടയുകയും ഘട്ടം ഘട്ടമായി അതില്ലാതാക്കുകയും വേണം. മദ്യത്തിന്നും മറ്റ് ലഹരി വസ്തുക്കൾക്കെതിരിൽ രാഷ്ട്രീയ മത ഭേദമെന്യ ഒറ്റക്കും കൂട്ടമായുമുള്ള പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.