കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തിലെ വെളിപ്പെടുത്തലില്‍ വെട്ടിലായി സി പി എമ്മും സംസ്ഥാന സര്‍ക്കാരും. ബോംബ് നിര്‍മ്മിക്കാനവശ്യമായ വസ്തുക്കള്‍ വാങ്ങിയത് ഡി വൈ എഫ് ഐ ഭാരവാഹിയായ ഷിജാലും ഷിബിന്‍ ലാലുമാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. കല്ലിക്കണ്ടിയില്‍ നിന്നാണ് ബോംബിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്നെത്തിച്ചുവെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മ്മാണത്തിലേക്ക് നയിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കള്‍ എങ്ങനെ ഈ സംഘത്തില്‍ ഉള്‍പ്പെട്ടെന്നതിന് പാര്‍ട്ടി ഉത്തരം നല്‍കേണ്ട അവസ്ഥയിലാണിപ്പോള്‍. അതേസമയം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവം വിവാദമായി ആളിക്കത്തുന്നതിനിടയില്‍ പ്രതികള്‍ക്ക് സി പി എമ്മുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സി പി എമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാന്‍ ഡി വൈ എഫ് ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. സി പി എമ്മിനെ സംരക്ഷിക്കാനായി കാപ്‌സ്യൂളുമായി മുഖ്യമന്ത്രിയും വടകര ലോക്‌സഭ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയും മറ്റ് സി പി എം നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയുടെ ബന്ധം വ്യക്തമാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.