കാട്ടാൽ മേള 2025: കാട്ടാക്കട ഫിലിം ഫെസ്റ്റ് ജിയോ ബേബി ഇന്ന് ഉദ്ഘാടനം ചെയ്യും

Thiruvananthapuram

കാട്ടാൽ പുസ്തകമേള യോടനുബന്ധിച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ഓഫ് കാട്ടാക്കട യുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ ജിയോ ബേബി ഇന്ന് മൂന്നു മണിക്ക് നിർവ്വഹിക്കും. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് അധ്യക്ഷതവഹിക്കും.

സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാണ്ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. സംവിധായൻ സലാം ബാപ്പു മുഖ്യാതിഥിയാണ്. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ മെമ്പർ സെക്രട്ടറി സി. അജോയ്, കാട്ടാൽ മേളയുടെ ചെയർമാൻ കവി മുരുകൻ കാട്ടാക്കട, കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ്, മേള ജനറൽ കൺവീനർ കെ. ഗിരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

മലയാള സിനിമയെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യ സംവിധായകൻ ഡോ.ബിജുവിനെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും. ഗോവിന്ദ് കളമച്ചൽ സ്വാഗതവും അൽ അമീൻ നന്ദിയും പ്രകാശിപ്പിക്കും. ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി എം.ടി.യുടെ നിർമ്മാല്യം പ്രദർശിപ്പിക്കും.

ഏപ്രിൽ 19 മുതൽ 28 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പ്രത്യേക വേദികളിലാണ് കാട്ടാൽ പുസ്തകമേളയും സാംസ്കാരികോത്സവവും നടക്കുന്നത്.