കോഴിക്കോട് : ഫ്രാൻസിസ് മാർപ്പാപ്പ ഈ നൂറ്റാണ്ടിൽ ജീവിച്ച മനുഷ്യസ്നേഹത്തിൻ്റെ അതുല്യ മാതൃകയായിരുന്നുവെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. കോഴിക്കോട് പൗരാവലി സെൻ്റ് ജോസഫ് പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ഇസ്രയേൽ പാലസ്തീനിൽ നടത്തുന്ന യുദ്ധത്തിന്നെതിരെ പാപ്പാ സംസാരിച്ചിരുന്നു. താൻ ഉപയോഗിച്ചിരുന്ന വാഹനം ഗാസയിലെ കുട്ടികൾക്ക് ആശുപത്രിക്കായി ഉപയോഗിക്കണമെന്ന് ഒസ്യത്ത് ചെയ്ത മാർപ്പാപ്പ എന്നും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുകയുണ്ടായി.

ചടങ്ങിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫ്രാൻസിസ് പാപ്പാ ലോകത്തെ ദൈവദൃഷ്ടിയിലൂടെ വീക്ഷിക്കാൻ ശ്രമിച്ച വ്യക്തിത്വത്തിന് ഉടമ ആണെന്ന് പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ദൈവവിളിക്ക് അനുസൃതമായി അനന്തമായ ക്ഷമയുടെ വക്താവായി സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശം നൽകികൊണ്ട് ഫ്രാൻസിസ് പാപ്പ കടന്നു പോയി എന്ന് അനുസ്മരിച്ചു.

കോഴിക്കോട് അതിരൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ ഫ്രാൻസിസ് പാപ്പ വലിയൊരു മനുഷ്യസ്നേഹി ആയിരുന്നുവെന്നും എല്ലാവരെയും ആദരിക്കുവാനും അംഗീകരിക്കുവാനും കഴിവുള്ള മഹത് വ്യക്തിയായിരുന്നുവെന്നും അനുസ്മരിച്ചു.
മാതൃഭൂമി മാനേജിംഗ് ഡയരക്ടർ പി.വി. ചന്ദ്രൻ, ഡോ. കെ മൊയ്തു, ഫാദർ ഇ.പി. മാത്യു, NSU പ്രസിഡൻ്റ് അഭിജിത്ത്, ഫാ. ജെയിംസ് എന്നിവർ സംസാരിച്ചു. ശാഫി പറമ്പിൽ എം.പി, ടി. സിദ്ധീഖ് എം എൽ എ , ഡി.സി.സി പ്രസിഡൻ്റ് പ്രവീൺകുമാർ തുടങ്ങിയവർ സംബന്ധിച്ചു. KLCA രൂപത പ്രസിഡൻ്റ് ബിനു എഡ്വേർഡ് നന്ദി പ്രകാശിപ്പിച്ചു.