സിയോണിസം ലോക സമാധാനത്തിന് ഭീഷണി: ടി.പി അബ്ദുല്ലക്കോയ മദനി

Kozhikode

കോഴിക്കോട്: രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും അന്യായമായി ഇടപ്പെട്ട് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സിയോണിസ്റ്റുകൾ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പ്രസ്താവിച്ചു. കോഴിക്കോട്ട് നടന്ന ഐ.എസ്.എം സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രാഈൽ നടത്തുന്ന മനുഷ്യത്വ രഹിതമായ ചെയ്തികൾക്കെതിരെയും അന്യായങ്ങൾക്കെതിരെയും മന:സാക്ഷിയുള്ളവരെല്ലാം യോജിക്കേണ്ട സന്ദർഭമാണിത്. യുദ്ധം നാശം വിതക്ക മെന്നിരിക്കെ പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാനുള്ള പ്രായോഗിക നടപടികൾ ഐക്യരാഷ്ട്രസഭയുടെ ഭാഗത്തു നിന്നുമുണ്ടാകണം .

നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിന്റെ പൈതൃകമായ ആശയത്തെ നിരാകരിക്കുന്ന ആർ.എസ്.എസിന്റെ നിഗൂഢ നീക്കങ്ങളാണ് രാജ്ഭവനിൽ ദൃശ്യമാകുന്നതെന്നും ഭരണ ആസ്ഥാനത്തെ സംഘ് കാര്യാലയമാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ മതേതത ജനാധിപത്യ കക്ഷികൾ ചേർന്നു നിൽക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഭരണഘടനയെന്ന നാടിന്റെ നട്ടെല്ല് തകർക്കാനാണ് ഭാരതാംബ പ്രതിഷ്ഠക്ക് പിന്നിലുള്ള ആസൂത്രിത നീക്കത്തിലൂടെ വെളിപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തള്ളിക്കളഞ്ഞ വർ,രാജ്യത്തെ വിവിധ മതദർശനമുൾക്കൊള്ളുന്ന ജനങ്ങളെയാണ് പുതിയ വിവാദങ്ങൾ വഴി വെല്ലുവിളിക്കുന്നതെന്നും യോഗം നിരീക്ഷിച്ചു.

പ്രസിഡണ്ട് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ബരീർ അസ് ലം , ട്രഷറർ കെ.എം.എ അസീസ്, ഭാരവാഹികളായ ഡോ: ജംഷീർ ഫാറൂഖി, സുബൈർ പീടിയേക്കൽ, മുസ്ത്വഫാ തൻവീർ, ശാഹിദ് മുസ് ലിം ഫാറൂഖി,റഹ് മത്തുല്ല സ്വലാഹി പുത്തൂർ, ആദിൽ അത്വീഫ് സ്വലാഹി, യാസർ അറഫാത്ത് , ജലീൽ മാമാങ്കര, സിറാജ് ചേലേമ്പ്ര, നൗഷാദ് കരുവണ്ണൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.