തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വെട്ടൂര്‍ റാത്തിക്കല്‍ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡില്‍ നെബീന മന്‍സിലില്‍ ഇക്ബാല്‍ മുംതാസ് ദമ്പതിമാരുടെ മകള്‍ നബീന (23) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പുവിളയില്‍ ദാറുല്‍ അഫ്‌സല്‍ വീട്ടില്‍ അഫ്‌സലി (33) നെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി ആത്മഹത്യ ചെയ്യാന്‍ കാരണം അഫ്‌സലിന്റെ പ്രേരണയാണെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
നബീനയെ മാര്‍ച്ച് 11ന് വൈകീട്ട് നാലുമണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. 2019ലാണ് ഇരുവരും വിവാഹിതരായത്. അഫ്‌സല്‍ മദ്യപിച്ചെത്തി തന്നെ മര്‍ദിക്കുകയും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്ന് നബീന കുടുംബത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 10ന് രാത്രി അഫ്‌സല്‍ നബീനയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും നബീനയുടെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. നബീനയുമായി ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും ബന്ധം വേര്‍പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു യുവതി ജീവനൊടുക്കിയത്. അഫ്‌സലിന്റേയും മാതാവിന്റെയും ക്രൂരപീഡനമാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.