ബംഗളുരു: ബി ജെ പിയെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ണാടക പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഷെട്ടാര്‍ ഔദ്യോഗികമായി കോണ്‍ഗ്രസുകാരനായത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലില്‍ നിന്നും കോണ്‍ഗ്രസ് പതാക സ്വീകരിച്ച ഷെട്ടാര്‍ സിറ്റിംഗ് മണ്ഡലമായ ധാര്‍വാഡ് സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ മത്സരിക്കുക.
67 കാരനായ ഷെട്ടാര്‍ ബി ജെ പിയുമായുള്ള മൂന്നു ദശാബ്ദക്കാലത്തെ ബന്ധം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി ജെ പിയുമായി ഇടഞ്ഞ ഷെട്ടാര്‍ എം എല്‍ എ സ്ഥാനവും പാര്‍ട്ടി അംഗത്വവും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് ക്യാംപില്‍ ഷെട്ടാറിന്റെ വരവ് ആവേശം പകര്‍ന്നിട്ടുണ്ടെങ്കിലും ബി ജെ പി ക്യാംപിനെ ഇത് ഞെട്ടിച്ചിരിക്കുകയാണ്. 30 മണ്ഡലങ്ങളില്‍ ഷെട്ടാറിന്റെ വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പറയുന്നത്.