‘വന്ദേഭാരതി’ലേറി പന്ന്യന്‍റെ മകന്‍; സി പി ഐ നേതാവിന്‍റെ മകന്‍റെ കവിത പങ്കുവച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍

Kerala

എ കെ ആന്റണിയുടെ മകന്‍ ബി ജെ പിയില്‍ പോയതിനെ കണക്കിന് പരിഹസിച്ച ഇടത് മുന്നണിക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായി മാറിയിരിക്കുകയാണ് പന്ന്യന്റെ മകന്റെ കവിത. അതുകൊണ്ട് തന്നെ മുതിര്‍ന്ന സി പി ഐ നേതാവായ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ എഴുതിയ കവിത ഇടതുപക്ഷത്ത് ചര്‍ച്ചയാകുമെന്നുറപ്പാണ്.

തിരുവനന്തപുരം: വന്ദേഭാരത് തീവണ്ടിയെക്കുറിച്ച് കവിതയെഴുതിയ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ ലക്ഷ്യമിടുന്നതെന്തെന്ന ചോദ്യമുയരുന്നു. കെ റെയിലിനെ വിമര്‍ശിച്ചും വന്ദേഭാരതിനെ പുകഴ്ത്തിയുമുള്ള കവിത ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കുവെച്ചതോടെയാണ് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ച തുടങ്ങിയത്.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ബി സി വിഷയത്തില്‍ ദേശീയത ഉയര്‍ത്തി മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. പിന്നീട് അനില്‍ ആന്റണി ബി ജെ പിയിലേക്ക് ചേക്കേറുകയും ചെയ്തു. ഈ മാസം യുവജന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മോദി കേരളത്തില്‍ എത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സി പി ഐ നേതാവിന്റെ മകന്റെ കവിതയും ഇത് പങ്കുവെച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ രംഗപ്രവേശനവും ചര്‍ച്ചയാകുന്നത്.

വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെ റെയില്‍ പദ്ധതിയെ വിമര്‍ശിച്ച് കൊണ്ടുമാണ് അഭിഭാഷകന്‍ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത. വന്ദേ ഭാരത്. വരട്ടെ ഭാരത് എന്ന പേരിലാണ് കവിത. കെ റെയില്‍ കേരളത്തെ വെട്ടിമുറിക്കുമ്പോള്‍ ഒരു പ്രശ്‌നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്ന് പറയണമെന്ന് രൂപേഷ് കവിതയില്‍ പറയുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ‘അപ്പം’ പരാമര്‍ശത്തെയും രൂപേഷ് കവിതയില്‍ പരിഹസിക്കുന്നതും ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്.

രൂപേഷിന്റെ കവിത ഇങ്ങനെ: ‘വന്ദേ ഭാരത് ‘നോട് ‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ ‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവര്‍ മലയാളികളല്ല…. വന്ദേ ഭാരതിന് മോദി കൊടിയുയര്‍ത്തിയാലും… ഇടതുപക്ഷം വെടിയുതിര്‍ത്താലും… വലതുപക്ഷം വാതോരാതെ സംസാരിച്ചാലും… പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയില്‍ പോയി അപ്പം വില്‍ക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല… കെ. റെയില്‍ കേരളത്തെ കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്‍ക്കുമ്പോള്‍… വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി ട്രാക്കിലാകുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ.

ശ്രുതി തെറ്റുന്ന പാട്ട് പാളം തെറ്റിയ തീവണ്ടി പോലെയാണ് …. പാളം തെറ്റാതെ ഓടാനായി വന്ദേ ഭാരത് കുതിച്ചു നില്‍ക്കുമ്പോള്‍ കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് … അങ്ങിനെ വലിക്കുന്ന ചങ്ങലയില്‍ കുരുങ്ങി നില്‍ക്കുക മോദിയല്ല….. വലിക്കുന്നവര്‍ തന്നെയാകും … വൈകി വന്ന വന്ദേ ഭാരതിനെ വരാനെന്തെ വൈകി എന്ന പരിഭവത്തോടെ… വാരിയെടുത്ത് വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന് ചീറി പായാനായി വീട്ടിലൊരു ‘ഉസൈന്‍ ബോള്‍ട്ട് ‘ കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ……വന്ദേ ഭാരത്… എന്ന് പറഞ്ഞാണ് കവിത അവസാനിക്കുന്നത്.

എ കെ ആന്റണിയുടെ മകന്‍ ബി ജെ പിയില്‍ പോയതിനെ കണക്കിന് പരിഹസിച്ച ഇടത് മുന്നണിക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായി മാറിയിരിക്കുകയാണ് പന്ന്യന്റെ മകന്റെ കവിത. അതുകൊണ്ട് തന്നെ മുതിര്‍ന്ന സി പി ഐ നേതാവായ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ എഴുതിയ കവിത ഇടതുപക്ഷത്ത് ചര്‍ച്ചയാകുമെന്നുറപ്പാണ്.