ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കം

Gulf News GCC

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കമാകും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇതിനകം ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മക്ക, മദീന, മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ ഹജ്ജ് കര്‍മം നടക്കുന്ന സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കായി 32 ആശുപത്രികളും 140 ആരോഗ്യകേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

ദുല്‍ഹജ്ജ് എട്ടിന് ഹാജിമാര്‍ മിനായിലൊരുക്കിയ കൂടാരത്തില്‍ താമസിക്കുന്നതോടെ ഹജ് കര്‍മങ്ങള്‍ക്ക് തുടക്കമാവും. ഇതിനായി തീര്‍ത്ഥാടകര്‍ മക്കയിലേക്ക് എത്തിത്തുടങ്ങി. ഇതിനിടയില്‍ അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചതായി പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസാമി അറിയിച്ചു. 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മക്കയില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.