അഷറഫ് ചേരാപുരം
ദുബൈ: പ്രവാസികള്‍ക്ക് പുതിയ സമ്പാദ്യപദ്ധതിയുമായി യു എ ഇ. രാജ്യത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ഭാവി ഭാസുരമാക്കാനുള്ള പദ്ധതിക്കാണ് യു എ ഇ തുടക്കമിടുന്നത്. യു എ ഇയുടെ നിക്ഷേപ പദ്ധതിയായ നാഷണല്‍ ബോണ്ട്‌സ് ആണ് പ്രവാസികള്‍ക്ക് രണ്ടാം ശമ്പളം എന്ന പേരില്‍ സമ്പാദ്യ,വരുമാന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞത് മൂന്നു വര്‍ഷം നിക്ഷേപം നടത്തുകയും പിന്നീട് നിക്ഷേപിച്ച തുകയും അതിന്റെ ലാഭവും പ്രതിമാസം തിരിച്ച് നല്‍കുകയും ചെയ്യുന്ന ബൃഹത് പദ്ധതിയാണിത്.
കുറഞ്ഞത് ആയിരം ദിര്‍ഹം വീതം എല്ലാമാസവും മൂന്നു വര്‍ഷം നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാകാം. മൂന്നു വര്‍ഷം നിക്ഷേപിക്കുന്ന തുക അടുത്ത മൂന്ന് വര്‍ഷം എല്ലാ മാസവും നിക്ഷേപത്തിന്റെ ലാഭ വിഹിതമടക്കം തിരിച്ച് ലഭിക്കുന്ന വിധമാണ് പദ്ധതി. മൂന്നു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ നിക്ഷേപത്തിന്റെ സമയം തിരഞ്ഞെടുക്കാം. പ്രതിമാസം വരുമാനം തിരികെ ലഭിച്ച് തുടങ്ങേണ്ട സമയവും നിശ്ചയിക്കാന്‍ അവസരം നല്‍കും. പത്തു വര്‍ഷം അയ്യായിരം ദിര്‍ഹം വീതം നിക്ഷേപം നടത്തുന്നവര്‍ക്ക് നിക്ഷേപകാലം പിന്നിട്ടുള്ള പത്തുവര്‍ഷം എല്ലാമാസവും 7,500 ദിര്‍ഹം വീതം ലഭിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 5 വര്‍ഷം മാസം 5,000 ദിര്‍ഹമാണ് അടയ്ക്കുന്നതെങ്കില്‍ കാലാവധി കഴിഞ്ഞതിന് ശേഷമുളള മൂന്നു വര്‍ഷം മാസം 10,020 ദിര്‍ഹം ലഭിക്കുമെന്നും നാഷണല്‍ ബോണ്ട്‌സ് അധികൃതര്‍ പറഞ്ഞു. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് പുറമെ റിവാര്‍ഡുകളും ക്യാഷ് െ്രെപസുകളും നല്‍കി സാമ്പത്തിക ക്ഷേമം വര്‍ധിപ്പിക്കാനുളള അവസരവും നാഷണല്‍ ബോണ്ട്‌സ് നല്‍കുന്നുണ്ട്.