പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കില്ലെന്ന് മന്ത്രിയുടെ ഉറപ്പ്; ജൂലായ് നാലിലെ സമരം മാറ്റിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നല്‍കിയ ഉറപ്പിന്റെ വെളിച്ചത്തില്‍ ജൂലൈ 4ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍പില്‍ നടത്തുവാനിരുന്ന ധര്‍ണ്ണയും മറ്റ് സമര പരിപാടികളും ഒഴിവാക്കുകയാണെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അറിയിച്ചു.

ഉത്പാദന ഉറവിടങ്ങള്‍ കണ്ടെത്തുവാന്‍ മുതിരാതെ ചെറുകിട വ്യാപാരികള്‍ക്ക് ഭീമമായ പിഴ ഇടുന്ന നടപടിയിലെ അശാസ്ത്രീയത മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനോട് അനുഭാവപൂര്‍വ്വമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത്തരം നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കുവാന്‍ ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി ഉറപ്പ് നല്‍കി. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് അടിയന്തിര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ജൂലൈ 4ന് നടത്തുവാനിരുന്ന സമരപരിപാടികള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വര്‍ക്കിംഗ് പ്രസിഡന്റ് പി കുഞ്ഞാവു ഹാജി, ജന. സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറര്‍ എസ് ദേവരാജന്‍, വൈസ് പ്രസിഡന്റ്മാരായ എ. ജെ ഷാജഹാന്‍, എം കെ തോമസ്‌കുട്ടി, കെ കെ വാസുദേവന്‍, കെ അഹമ്മദ് ഷെരീഫ്, സെക്രട്ടറി ബാബു കോട്ടയില്‍ എന്നിവര്‍ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.