ജലസേചന പദ്ധതികള്‍ വൈകുന്നതില്‍ വീഴ്ചയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Wayanad

കല്പറ്റ: അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ജലസേചന പദ്ധതികള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാത്തതിന്റെ ഉത്തരവാദിത്തം ജലസേചന വകുപ്പിനല്ലെന്ന് ചീഫ് എഞ്ചിനീയര്‍. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മന:പൂര്‍വ്വമായ വീഴ്ചയോ അനാസ്ഥയോ സംഭവിച്ചിട്ടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാകാത്തതു കാരണം പൊതുജനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വിവിധ പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന എതിര്‍പ്പുകള്‍ കാരണം ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂവുടമകളുടെ വാദങ്ങളും ആവശ്യങ്ങളും കാരണം പദ്ധതികളുടെ അലൈന്‍മെന്റ് തീരുമാനിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നു. ഏറ്റുമാനൂര്‍ ബ്രാഞ്ചുകനാലിന്‍ ഏഴുതോണി പാടത്ത് റയില്‍വേ ക്രോസിങ്ങിനു വേണ്ടിയുള്ള അംഗീകാരം ലഭിക്കാന്‍ 15 വര്‍ഷത്തിലധികം എടുത്തു.

റോഡ് കട്ട് ചെയ്യാന്‍ അനുമതി ലഭിക്കുന്നതില്‍ സ്ഥിരമായി കാലതാമസം അനുഭവപ്പെടുന്നുണ്ട്. സംസ്ഥാന പാതയിലും പഞ്ചായത്ത് റോഡിലും ഇതു തന്നെയാണ് സ്ഥിതി. റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് പൊതുമരാമത്ത് വകുപ്പിലും പഞ്ചായത്തുകളിലും നിക്ഷേപിക്കാന്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. പാറപൊട്ടിക്കുന്നതിനെതിരെയുള്ള ജനകീയ പ്രതിരോധം പദ്ധതികള്‍ക്ക് കാലതാമസമുണ്ടാക്കുന്നുണ്ട്. ചിലവു കൂടുതലുള്ള കെമിക്കല്‍ ബ്ലാസ്റ്റിംഗ്, കണ്‍ട്രോള്‍ഡ് ബ്ലാസ്റ്റിംഗ് തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത് പദ്ധതിയുടെ മെല്ലപ്പോക്കിന് കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങള്‍, മണ്ണിടിച്ചില്‍ , വെള്ളപ്പൊക്കം തുടങ്ങിയവ കാരണം നിര്‍വഹണത്തില്‍ കാലതാമസമുണ്ടാകുന്നുണ്ട്.. ഇത് പദ്ധതി വൈകിപ്പിക്കുകയും ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പദ്ധതി നിര്‍വ്വഹണ വേളയില്‍ പൊതുജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കാലതാമസത്തിന് കാരണമാകുന്നു. വിവിധ പദ്ധതികളില്‍ പ്രഖ്യാപിക്കുന്ന വിജിലന്‍സ് അന്വേഷണം പ്രവൃത്തികളെ ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നീണ്ടു നില്‍ക്കുന്ന വിജിലന്‍സ് അന്വേഷണം പദ്ധതികളെ നിശ്ചലമാക്കുന്നു. പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കുറ്റകരവും മനപൂര്‍വ്വവുമായ അനാസ്ഥകളും വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. സാമൂഹിക പ്രവര്‍ത്തകനായ റഹീം പന്തളം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.