ഖത്തർ ജയിൽ മോചനം: തടവുകാർ കൂട്ടനിരാഹാര സമരം തുടങ്ങി

Kerala

കോഴിക്കോട് : ഖത്തർ ജയിലിൽ കഴിയുന്ന അറനൂറിലധികം ഇന്ത്യക്കാരായ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ദ്വിരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഖത്തർ ജയിലിൽ കൂട്ടനിരാഹാര സമരം തുടങ്ങിയതായി
ഇന്ത്യൻ പ്രവാസി മൂവ്മെന്റ് ഭാരവാഹികൾ പറഞ്ഞു.

ഇതിനോടകം തന്നെ ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ സഹകരണത്തോടെ അഡ്വ: അജീഷ് എസ് ബ്രൈറ്റ് മുഖേന കേരള ഹൈക്കോടതി മുമ്പാകെ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു പരിഗണനയിലുണ്ട്. ദ്വിരാഷ്ട്ര ഉടമ്പടിയുടെ ഗുണഭോക്താക്കളായ വർഷങ്ങളായി തടവ് അനുഭവിക്കുന്നവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി
ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുൻപാകെ പരാതി സമർപ്പിച്ചിരുന്നു, ഖത്തറിലെ ഇന്ത്യൻ എംബസ്സി അവയെല്ലാം “ഇത്തരത്തിൽ ഒരു ഉടമ്പടി നിലവിലില്ല” എന്ന് വസ്തുതാവിരുദ്ധമായി പ്രസ്താവിച്ചു കൊണ്ട് പരാതി അവസാനിപ്പിക്കുകയാണ് ചെയ്തത്.

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് മുഖാന്തിരം പാവപ്പെട്ട പ്രവാസികളിൽ നിന്നും നിർബന്ധിതമായി ഓരോരോ സേവനങ്ങൾക്കും പിരിച്ചെടുക്കുന്ന പണം ഇപ്പോൾ ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന മുൻ നേവി ഉദ്യോഗസ്ഥർക്ക് നിയമസഹായം നൽകി എന്നുള്ള പേരിൽ 8,41,30,694 (എട്ടു കോടി നാൽപ്പത്തിയൊന്ന് ലക്ഷത്തിലധികം രൂപ) വിവേചനപരമായി ചിലവഴിച്ചിരിക്കയാണ്. പകരം ഈ തുക അർഹിക്കുന്ന ആളുകൾക്കായി ചിലവഴിച്ചിരുന്നു എങ്കിൽ ഇപ്പോൾ ഏറ്റവും ചുരുങ്ങിയത് നൂറിലധികം ആളുകളെ ജയിൽ മോചിതരാകുമായിരുന്നു . ഇത്തരം വിവേചനങ്ങളും, അവഗണനയും ഒഴിവാക്കി നീതി നിഷേധത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കണം എന്ന ആവിശ്യപ്പെട്ടു കൊണ്ടാണ് ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പൊതുതാല്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് സംഘടന പ്രസിഡന്റ് ആർ. ജെ സജിത്ത് പറഞ്ഞു.

ഇതിന് പുറമെ ഇന്ത്യൻ സുപ്രീംകോടതി മുൻപാകെ 1999 ഏപ്രിലിൽ ഇന്ത്യയും ഖത്തറുമായി ഒപ്പു വെച്ച നിക്ഷേപ സുരക്ഷാ കരാർ ലംഘനഫലമായി ഇന്നും ഖത്തർ ജയിലിൽ തടവിൽ തുടരുന്ന നിക്ഷേപകരെ മോചിപ്പിച്ചു കൊണ്ട് വരുന്നതിനുള്ള സർക്കാർ ഇടപെടലിനായി അഡ്വ: ജെയ്മോൻ ആൻഡ്രൂസ് മുഖാന്തിരം പൊതുതാൽപര്യ ഹർജിയും, തന്റെ ഖത്തരി പൗരൻ തട്ടിയെടുത്ത നിക്ഷേപം തിരിച്ചു കിട്ടുന്നതിനായും, തനിക്കെതിരെ നടന്ന പോലീസ് പീഡനങ്ങൾക്കുള്ള നഷ്ടപരിഹാരമായും 200 കോടി രൂപ ആവിശ്യപ്പെട്ടുകൊണ്ട് ഖത്തർ ഗവൺമെന്റിനെതിരെയും കേസ് സമർപ്പിച്ചിട്ടുണ്ട്ന്നും സജിത്ത്. ആർ. ജെ അറിയിച്ചു.

വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം കോഴിക്കോട് ആദായനികുതി വകുപ്പിന് മുന്നിൽ തടവുകാരുടെ ബന്ധുക്കൾ കൂട്ട നിരാഹാര സമരം ആരംഭിക്കുമെന്ന് തടവുകാരുടെ ബന്ധുക്കൾ അറിയിച്ചു .വാർത്ത സമ്മേളത്തിൽ കമർമ്പി അഷ്‌റഫ്‌, കെ സലീന,ഇന്ത്യൻ പ്രവാസി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ആർ ജെ സജിത്ത്, കെ വി പി ഷാജഹാൻ, സി ആർ പ്രശാന്ത്, കെ മുബഷീറ എന്നിവർ പങ്കെടുത്തു