നല്ല സമൂഹത്തിന്‍റെ സൃഷ്ടിപ്പിന് പ്രധാനം സമാധാനത്തോടെയുള്ള ജീവിതം

Kerala

കോഴിക്കോട്: സമാധാനത്തോടെയുള്ള ജീവിതമാണ് നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിന് പ്രധാനമെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് കര്‍ണാടക അസംബ്ലി സ്പീക്കര്‍ അഡ്വ. യു ടി ഖാദര്‍ പറഞ്ഞു. ഖാസി ഫൗണ്ടേഷന്‍ ഈദുല്‍ അദ്ഹയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഏത് മതത്തില്‍ പെട്ടവരും ഒന്‍പത് മാസം പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് വരുന്നത്. ഇത് തന്നെ മതി നമ്മളെല്ലാം ഒരേപോലെയാണെന്ന പരമസത്യം തിരിച്ചറിയുവാന്‍. ഈ സന്ദേശമാണ് വരും തലമുറയ്ക്ക് നമുക്ക് കൈമാറുവാനുള്ള ഏറ്റവും പരമപ്രധാനമായതെന്നും സാമൂഹ്യസംഘടനകളാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തത്തോട് കൂടി പ്രവര്‍ത്തിക്കേണ്ടത്. ഇതിനായി കൂടുതല്‍ ക്ഷമാശീലരായി നമ്മള്‍ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ സൗഹാര്‍ദമുണ്ടാക്കുക എന്നതാണ് ഏറ്റവും വലിയ സാമൂഹ്യപ്രവര്‍ത്തനമെന്ന് എല്ലാ സംഘടനകളും വര്‍ത്തമാനകാലത്ത് തിരിച്ചറിയണമെന്ന് ചടങ്ങില്‍ ഈദ്‌സന്ദേശം നല്‍കിക്കൊണ്ട് എം.പി.അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. എം.വി.മുഹമ്മദലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡോ. ഹുസൈന്‍ മടവൂര്‍, സഫീര്‍ സഖാഫി, ഡോ. ഗോഡ്‌വിന്‍ സാമ്രാജ്, ഡോ. കെ.കുഞ്ഞാലി, പി.ടി.ആസാദ്, ഡോ. കുഞ്ഞാലി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എം.വി.റംസി ഇസ്മായില്‍ സ്വാഗതവും സെക്രട്ടറി ആര്‍.ജയന്ത്കുമാര്‍ നന്ദിയും പറഞ്ഞു.