എസ് സി ടി എ ലും കെഎസ് യുഎമ്മും ചേര്‍ന്നുള്ള സംരംഭത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

Thiruvananthapuram

തിരുവനന്തപുരം: കേരള തലസ്ഥാനത്തിന്റെ സുസ്ഥിര വികസനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും (എസ്.സി.ടി.എല്‍) കൈകോര്‍ക്കുന്നു. നഗര വികസനത്തിന് ഉപയോഗപ്പെടുത്താവുന്ന അത്യാധുനിക സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും പരിഹാരങ്ങളുമാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തേടുന്നത്.

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ കെഎസ് യുഎമ്മിന്റെ അനുഭവസമ്പത്തും ഉപദേശവും പിന്തുണയും പദ്ധതിനിര്‍വ്വഹണത്തില്‍ പ്രയോജനപ്പെടുത്തും. സ്റ്റാര്‍ട്ടപ്പുകള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ കെഎസ് യുഎം വിലയിരുത്തി മികച്ചവ തെരഞ്ഞെടുക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിവ് പ്രകടിപ്പിക്കുന്നതിനും സ്മാര്‍ട്ട് സിറ്റി മേഖലയില്‍ കൈയൊപ്പ് പതിപ്പിക്കുന്നതിനുള്ള അവസരമാണ് ഈ സംരംഭം വാഗ്ദാനം ചെയ്യുന്നതെന്ന് എസ്.സി.ടി.എല്‍ സി.ഇ.ഒ അരുണ്‍ കെ. വിജയന്‍ പറഞ്ഞു. പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം നഗരവികസനം സാധ്യമാകേണ്ടത്. ഇത് ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് തേടുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് മികച്ച ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍കള്‍ക്ക് പിന്തുണയും നെറ്റ് വര്‍ക്കിംഗ് അവസരങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തികള്‍ക്കും ടീമായും ആശയങ്ങള്‍ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ജൂലൈ 8. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: startupmission.kerala.gov.in/pages/startup-connect.