കറിച്ചട്ടി കൊണ്ട് തലയ്ക്കടിയേറ്റ് യുവതി ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവിനെതിരെ കേസ്

Thiruvananthapuram

തിരുവനന്തപുരം: ഭാര്യയെ കറിച്ചട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. പാറശ്ശാല സ്വദേശി ഷെറീബയെ ആണ് ഭര്‍ത്താവ് രാമന്‍ കറിച്ചട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തന്നെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് മര്‍ദിച്ച ശേഷം ചട്ടിയെടുത്ത് തലയ്ക്കടിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അടിയേറ്റ ഉടന്‍ യുവതി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്കോടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ് ദിവസവും തന്നെ മര്‍ദിക്കാറുണ്ടെന്നും ബ്ലേഡ് ഉപയോഗിച്ച് കയ്യില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പറഞ്ഞു. പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തി. നിലവില്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.