കോഴിക്കോട്: ഖാഇദെ മില്ലത്ത് സെന്റര് ഫണ്ട് സമാഹരണത്തില്‍ സ്തുത്യര്‍ഹ നേട്ടവുമായി രാമനാട്ടുകര. ഫണ്ട് സമാഹരണം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ നേതൃത്വം നല്‍കിയ ക്വാട്ട തികച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഫണ്ട് പിരിവില്‍ രാമനാട്ടുകര 31-ാം ഡിവിഷന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നെന്ന് ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിപാടിയില്‍ എം സി മായിന്‍ ഹാജി, എം സി കുഞ്ഞയമൂട്ടി സാഹിബ്, സൈനുല്‍ ആബിദ് എം എല്‍ എം, ആലിക്കുട്ടി മാഷ്, റസാഖ് മാഷ്, സെറീന കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ നിര്‍മ്മിക്കുന്നതിനാണ് ഫണ്ട് സമാഹരണ ക്യാമ്പയിന്‍ നടത്തിയത്. ഏഴരപ്പതിറ്റാണ്ട് പിന്നിട്ട പാര്‍ട്ടിയുടെ പൈതൃകത്തെ രാജ്യമാകെ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും ഖാഇദെ മില്ലത്ത് സെന്റര്‍ സഹായകമാകും. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഖാഇദെ മില്ലത്ത് സെന്റര്‍ വഴി സാധ്യമാകും. ഫണ്ട് സമാഹരണത്തില്‍ ഏറ്റവും നന്നായി പങ്കാളികളാകുന്ന ശാഖ/വാര്‍ഡ് കമ്മിറ്റികള്‍, പഞ്ചായത്ത് കമ്മിറ്റികള്‍, മണ്ഡലം കമ്മിറ്റികള്‍ എന്നിവര്‍ക്ക് പ്രത്യേക ആദരവ് നല്‍കുന്നുണ്ട്. പ്രതാപങ്ങളുടെ ഡല്‍ഹിയില്‍ പ്രത്യാശയുടെ പതാക എന്ന പ്രമേയത്തിലാണ് ഫണ്ട് സമാഹരണ ക്യാമ്പയിന്‍ നടക്കുന്നത്.
ന്യൂനപക്ഷ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനും രാഷ്ട്രീയ സംഘാടനത്തിനുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കാനും ഖാഇദെ മില്ലത്ത് സെന്റര്‍ ലക്ഷ്യമിടുന്നു. ഗവേഷണ കേന്ദ്രം, സ്റ്റുഡന്റ്‌സ് സെന്റര്‍, സോഷ്യല്‍ ഡവലപ്‌മെന്റ് സെന്റര്‍, പോഷക ഘടകങ്ങള്‍ക്കുള്ള ഓഫീസുകള്‍, ഓഡിറ്റോറിയം, ലൈബ്രറി എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളോടെയാണ് ഖാഇദെ മില്ലത്ത് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള നാഴികക്കല്ലായി മാറാന്‍ ഖാഇദെ മില്ലത്ത് സെന്ററിന് സാധിക്കും. ഇന്ന് തുടങ്ങിയ ഫണ്ട് സമാഹരണ ക്യാമ്പയിന്‍ ജൂലൈ 31നാണ് അവസാനിക്കുക.