കോഴിക്കോട്: അവസരങ്ങളുടെ വിശാലമായ ലോകമാണ് നമുക്ക് മുന്നിലുള്ളതെന്നും ജീവിത യാത്രയില്‍ വിജയിക്കാന്‍ ഈ അവസരങ്ങളെ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധത്തോടെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സമ്പൂര്‍ണ വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്ന എം എല്‍ എ എക്സലന്‍സ് അവാര്‍ഡ് മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് കേരളം സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. വിജയികളെ അനുമോദിക്കുന്നതോടൊപ്പം അവരെ കൃത്യമായ ലക്ഷ്യങ്ങളിലേക്കെത്തിക്കുക എന്നതും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
ആധുനിക ജീവിതത്തിന്റെ വൈവിധ്യത്തിന് അനുസരിച്ച് കോഴ്സുകളും തൊഴിലുകളും അനവധിയാണ്. അവയില്‍ യോജിച്ചത് ഏതെന്ന് കണ്ടെത്തണം. അഭിരുചി, തൊഴില്‍ സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാല്‍ മികച്ച കരിയര്‍ ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളെയാണ് പ്രതിഭാ സംഗമത്തില്‍ ആദരിച്ചത്.
കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രേഖ സി, ടാക്സ് ആന്‍ഡ് അപ്പീല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി. കെ. നാസര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി ഡോ. അദീല അബ്ദുള്ള, കേരള മാരിടൈം ബോര്‍ഡ് മെമ്പര്‍ കാസിം ഇരിക്കൂര്‍, യു.പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ ഷെറിന് ഷഹാന, ആര്.വി.എസ് കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എസ്. ഷാമിന, എച്ച്.ഒ.ഡി ഗംഗ ദുര്‍ഗ ദേവി എന്നിവര്‍ സംസാരിച്ചു.