കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇന്ത്യന്‍ ചരക്കുകപ്പലില്‍നിന്ന് മോചിതനായ വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥിന് ഇപ്പോഴുമുള്ളത് നോവാര്‍ന്ന ഓര്‍മകള്‍. തട്ടിക്കൊണ്ടുപോയവര്‍ ആരെയും ദ്രോഹിച്ചില്ലെങ്കിലും ഭീതിയിലായിരുന്നെന്ന് ശ്യാംനാഥ് പറഞ്ഞു. അതേസമയം ഇറാനിലെ ഇന്ത്യന്‍ എംബസിയുടെയും അധികൃതരുടെയും പ്രവര്‍ത്തനം ധൈര്യം നല്‍കുന്നതായിരുന്നു. നാട്ടിലുള്ളവരും വലിയ തോതില്‍ പിന്തുണ നല്‍കിയതായി ശ്യാംനാഥ് വിശദീകരിച്ചു.
അബുദാബിയില്‍നിന്ന് മുംബൈയിലെ നാവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ഇസ്രായേലുമായി ബന്ധമുള്ള ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റെ ചരക്കുകപ്പലാണ് പിടിക്കപ്പെട്ടത്. ഏപ്രില്‍ 13ന് ഇന്ത്യന്‍ സമയം രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം. ഏപ്രില്‍ 16ന് ഇന്ത്യന്‍ തുറമുഖത്ത് കപ്പല്‍ ഇറങ്ങാനിരുന്നതാണ്. അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്ക് വരുകയായിരുന്നു കപ്പല്‍. ‘ഇറാന്‍ നേവി കപ്പലിലുണ്ട്’ എന്നൊരു സന്ദേശംവന്നു. പിന്നാലെ നേവി ഉദ്യോഗസ്ഥര്‍ ഇരച്ചുകയറി. ഉടന്‍ വിട്ടയക്കും എന്നതായിരുന്നു ആദ്യമുള്ള സന്ദേശം. പക്ഷെ പിന്നീടതുണ്ടായില്ല.
ജീവനക്കാര്‍ ആരും ആയുധധാരികള്‍ ആയിരുന്നില്ല. ഇറാന്‍ സൈന്യം നേരിട്ടുവന്ന് പിടിച്ചെടുക്കുകയായിരുന്നു. ക്യാപ്റ്റനോട് വളരെ പരുഷമായിരുന്നു പെരുമാറ്റം. എന്നാല്‍ ജീവനക്കാരോട് മാന്യമായി പെരുമാറി. 25 പേരാണ് ജീവനക്കാര്‍. അതില്‍ കൂടുതലും ഇന്ത്യക്കാര്‍ ആയിരുന്നു. 17 ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് പാകിസ്താനികള്‍, നാല് ഫിലിപ്പീനികള്‍, ഓരോ എസ്‌റ്റോണിയന്‍, റഷ്യന്‍ പൗരന്മാരും. തൃശൂര്‍ സ്വദേശിയായ ആന്‍ ടെസ്സ എന്ന ലേഡി കാഡറ്റ് കൂടി ഉണ്ടായിരുന്നു. അവര്‍ മൂന്നു ദിവസത്തിനകം ജയില്‍മോചിതയായി. ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു സ്ത്രീ എന്ന പരിഗണന വെച്ച് അവരെ വിട്ടയച്ചത്. പിന്നീട് ഏഴുപേര്‍ ജയില്‍ മോചിതരായി. ഇറാനും ഇന്ത്യയും തമ്മില്‍ നല്ല ബന്ധം തുടരുന്നത് തുണയായി. ഇറാനിലെ ഇന്ത്യന്‍ കോണ്‍സുല്‍ എ.കെ സുധാകരന്റെ പിന്തുണ എടുത്തുപറയേണ്ടതാണ്. രണ്ടു മാസത്തിനുശേഷം അതായത് ജൂണ്‍ 12ന് തന്നെ വിട്ടയച്ചുവെന്നും ശ്യാംനാഥ് പറഞ്ഞു. ശ്യാംനാഥ് ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം വിജയവാഡയിലാണുള്ളത്.
ഇറാന്‍ നേവിയുടെ യൂണിഫോമില്‍ തന്നെയാണ് അവര്‍ എത്തിയത്. ആദ്യം ഭീതിപരത്തുന്ന രൂപത്തില്‍ പെരുമാറിയെങ്കിലും പിന്നീട് മയപ്പെട്ടു. പിടിച്ചുവച്ച മൊബൈല്‍ ഫോണ്‍ പിന്നീട് തിരിച്ചുതന്നു. അത് വലിയ ആശ്വാസമയി. ഞങ്ങള്‍ വീടുകളിലേക്ക് വിളിക്കാന്‍ തുടങ്ങി. അഛനും ഭാര്യയും പിടിച്ചുനിന്നു. എന്നാല്‍, അമ്മ തളര്‍ന്നിരുന്നു. സര്‍ക്കാരും ജാഗ്രത കാണിച്ചു. ഇസ്രായേലുമായി ബന്ധമുള്ള കപ്പല്‍ എന്നതല്ലാതെ മറ്റ് കുറ്റങ്ങളൊന്നും ഞങ്ങളെക്കുറിച്ച് ഇറാന്‍ നേവിയും പറഞ്ഞില്ല- ശ്യാംനാഥ് പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷമായി എം.എസ്.സിയില്‍ ആണ് ജോലി. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് ഇപ്പോള്‍ കോഴിക്കോട് വെള്ളിപറമ്പിലാണ് താമസം. പ്ലസ്ടു കഴിഞ്ഞ് മറൈന്‍ എന്‍ജിനിയറിങ് പഠിച്ചശേഷമാണ് ജോലിയില്‍ ചേര്‍ന്നത്. ജോലിയിലെ കരാര്‍ കഴിഞ്ഞ് ഇറങ്ങാനിരിക്കെയാണ് സംഭവം. സെക്കന്‍ഡ് എന്‍ജിനിയറായിട്ടാണ് തൊഴിലെടുക്കുന്നത്. എന്നാല്‍ കപ്പലില്‍ ഇനിയും ആളുകളുണ്ട്. ഞങ്ങള്‍ മൂന്നു പേര്‍ക്ക് പകരം മറ്റു മൂന്നുപേരെ കമ്പനി അയച്ചതുകൊണ്ടാണ് പുറത്തിറങ്ങാനായത്. 18 പേര്‍ ഇപ്പോഴും കപ്പലില്‍ തുടരുകയാണ്. ഇതില്‍ എട്ട് ഇന്ത്യക്കാരും അഞ്ച് റഷ്യക്കാരും മൂന്ന് ഫിലീപ്പിനികളും രണ്ട് പാകിസ്താനികളുമാണ്. ഭാര്യ: മേഘ. മാതാപിതാക്കള്‍: പി.വി വിശ്വനാഥന്‍, ടി.പി ശ്യാമള.